പത്തനാപുരം : വർധിച്ചുവരുന്ന കാട്ടാന ശല്യം പരിഹരിക്കാൻ സോളാർ വേലി പുനസ്ഥാപിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉറപ്പ് നൽകിയെങ്കിലും ഇനിയും നടപ്പായിട്ടില്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. വന്യ ജീവി ആക്രമണത്തിനെതിരെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കടശേരി റേഞ്ച് ഓഫിസ് പരിധിയിൽ കാട്ടാന സംഹാരതാണ്ഡവമാടിയിട്ടും ശാശ്വത പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും കാട്ടാനയിറങ്ങി വ്യാപകമായാണ് കൃഷികൾ നശിപ്പിച്ചത്. കടശേരി കെട്ടിടത്തിൽ ദിലീപ്കുമാറിന്റെ നൂറ്റമ്പതോളം കുലച്ച ഏത്തവാഴകളും കടശേരി പീച്ചങ്കോട് നിപിന്റെ പുരയിടത്തിലെ രണ്ടു തെങ്ങുകളും കാട്ടാന നശിപ്പിച്ചു.
ഈ മാസം ആദ്യ വാരത്തിലാണ് ഇലപ്പക്കോട് മൈലവിള വീട്ടിൽ സഹദേവന്റെ പുരയിടത്തിൽ കാട്ടാനയിറങ്ങി 40 മൂട് വാഴയും റബർ മരങ്ങളും നശിപ്പിച്ചത്. ജനവാസ മേഖലയിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനെതിരെ ഈ മാസം മൂന്നിന് കടശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിൽ സമരവും നടന്നിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി കെ.ബി. ഗണേഷ്കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. കാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സോളാർ വേലിയുടെ പുനർനിർമാണം തിങ്കളാഴ്ച മുതൽ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതുമാണ്. മുമ്പ് കരാർ എടുത്ത കരാറുകാരനെ മുന്നിൽ നിർത്തിയാണ് മന്ത്രി നാട്ടുകാർക്കു വാക്കുകൊടുത്തത്. എന്നാൽ, നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഒന്നരമാസത്തിനിടെ പത്തിലധികം തവണയാണ് കാട്ടാന നാട്ടിലിറങ്ങി ഭീതിപരത്തിയത്. കൃഷി ചെയ്യാനാകാത്ത സാഹചര്യത്തിൽ കറവൂർ മേഖലയിൽ നിന്നും നിരവധി കുടുംബങ്ങൾ വീട് വിട്ടുപോയ സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഈ സ്ഥിതി തുടർന്നാൽ തങ്ങൾക്കും വീട് വിട്ടുപോവുകയെ പോംവഴി ഉള്ളൂവെന്ന് നാട്ടുകാരും പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപംനൽകുമെന്ന് ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് പുന്നല ഉല്ലാസ് കുമാർ അറിയിച്ചു.
