കൊല്ലം: ചരിത്രവും പൈതൃകവുമൊക്കെ പേറുന്ന കൊല്ലം നഗരം ഇപ്പോൾ ആകെ അഴിയാക്കുരുക്കിലാണ്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും അവഗണനയും നഗരത്തെ ഇല്ലാതാക്കുന്നതിലേക്കെത്തിച്ചെന്നാണ് ആക്ഷേപം. കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡുകളിൽ നടുവൊടിക്കുന്ന കുഴികളാണ്. രാത്രിയിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടം നിത്യസംഭവം.
പുതിയകാവ് ക്ഷേത്രത്തിനുമുന്നിലുള്ള റോഡിൽ വാഹനങ്ങളിൽ യാത്ര ചെയ്യുകയെന്നത് ദുഷ്കരമാണ്. കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ നിന്നും ഉളിയ കോവിലിലേക്ക് പോകുന്ന റോഡിലൂടെ യാത്ര ചെയ്തവർ ഈ വഴിമറക്കില്ല.
പകൽസമയത്തുതന്നെ രക്ഷയില്ലാത്ത റോഡിൽ രാത്രിയുള്ള യാത്രയെകുറിച്ചു ചിന്തിക്കാൻ തന്നെ പറ്റില്ല. കാവനാട്-മേവറം റോഡിലേക്ക് പ്രവേശിച്ചാൽ ഓരോ നൂറു മീറ്ററിലും കുഴികളുടെ നീണ്ടനിരകൾ കാണാം. കാങ്കത്തുമുക്കിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് കുഴികൾ.
കാവനാടുമുതൽ മേവറംവരെയുള്ള പ്രധാന ജംഗ്ഷനുകളൊക്കെയും റോഡ് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കുഴികളാണ്. ദേശീയപാതയുടെ ഭാഗമായിരുന്ന റോഡ് തകർന്നിട്ടു വർഷങ്ങളായി.
പുനർനിർമാണം നടത്താൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കുഴിയിൽ വീണുള്ള അപകടങ്ങളും പ്രതിഷേധങ്ങളും പതിവാകുമ്പോൾമാത്രം താത്കാലിക കുഴിയടയ്ക്കൽ പ്രഹസനമുണ്ടാകും.
ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെടും. ഈ റോഡിലെ കുഴികളിൽവീണ് ഒരു ഇരുചക്രവാഹനമെങ്കിലും അപകടത്തിൽപ്പെടാത്ത ദിവസങ്ങളില്ല.
