പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശനെ (71) എട്ടുവർഷം കഠിന തടവിനും 65,000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. കേസ് രജിസ്റ്റർ ചെയ്തു മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വാങ്ങി നൽകാനായത് പോലീസിനു നേട്ടമായി.
കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പോലീസ് കുറ്റാരോപിതനെ പിടികൂടി. തുടർന്ന് ഈ കേസിലെ അതിജീവിതയ്ക്ക് നീതി ലഭിക്കുവാൻ ഒട്ടും താമസം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചു. ഒട്ടും കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് കർശന നിർദേശവും നൽകി.
ഏനാത്ത് ഇൻസ്പെക്ടർ അനൂപ് അച്ചൻകുഞ്ഞിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വെറും അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതി നടപടികളിൽ കാലതാമസം ഉണ്ടാകാതിരിക്കുന്നതിനായി ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ എസ്ഐ വിമൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിവേക് എന്നിവർ ഉൾപ്പെട്ട സെൻട്രൽ എയ്ഡ് പ്രോസിക്യൂഷൻ ടീം ആയിരുന്നു കോടതി നടപടികൾ ഏകോപിപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.എസ്ഐ ധന്യ, എഎസ്ഐമാരായ രവികുമാർ, പ്രശാന്ത്, ശിവപ്രസാദ്, സുധീഷ്, പോലീസുകാരായ അനൂപ്, ശ്രീലാൽ, വിഷ്ണു മോഹൻ , സുനിൽ , രതീഷ് എന്നിവരും വനിതാ പോലീസ് ഉദ്യോഗസ്ഥരായ സിന്ധു , ദീപ കൃഷ്ണകുമാരി ഷെബി ലേഖ എന്നിവരും ഉൾപ്പെട്ടതായിരുന്നു പ്രത്യേക അന്വേഷണസംഘം.
