മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയാത്തലവൻ നെമെസിയോ റൂബൻ ഒസെഗുരയുടെ (എൽ മെൻചോ) വധത്തിന് പിന്നാലെ രാജ്യത്ത് വ്യാപക സംഘർഷം. നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകി. വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് വീടുകളിൽ തന്നെ തുടരാൻ നിർദേശിച്ചു.
കാർട്ടൽ ഗ്രൂപ്പുകൾ ഹലിസ്കോയിലും പരിസര സംസ്ഥാനങ്ങളിലും റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയർ കാനഡ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ജലിസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനവും മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരവുമായ ഗ്വാഡലജര ഞായറാഴ്ച പൂർണമായും സ്തംഭിച്ചു.
പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ജനങ്ങളോട് ശാന്തരാകാൻ അഭ്യർഥിച്ചു. കാർട്ടൽ തലവനെ പിടികൂടാനുള്ള ഓപ്പറേഷനു യുഎസ് ഇന്റലിജൻസ് പിന്തുണ നൽകിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇയാളെ വധിച്ചതിന് മെക്സിക്കൻ സൈന്യത്തെ പ്രശംസിക്കുകയും ചെയ്തു.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ‘എൽ മെൻചോ’ എന്നറിയപ്പെടുന്ന റൂബൻ ഒസെഗുര യുഎസിലേക്ക് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവ കടത്തുന്നതിലെ പ്രധാനിയായിരുന്നു. പോലീസിനെതിരേ ആക്രമണങ്ങൾ നടത്തുന്നതിലും കുപ്രസിദ്ധനായിരുന്നു.
റൂബൻ ഒസെഗുരയുടെ സ്വദേശമായ ജലിസ്കോയിൽ മെക്സിക്കൻ സൈന്യം ഇയാളെ പിടികൂടാൻ നടത്തിയ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കൂടുതല്‍ പേര് കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
ലോകമെങ്ങും സിന്തറ്റിക് മയക്കുമരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന വമ്പന്‍ കാര്‍ട്ടലിന്റെ ഉടമയായ എൽ മെൻചോയുടെ ജാലിസ്കോ ന്യൂ ജനറേഷന് സംഘത്തില്‍ 20,000 പേരുണ്ട്. മെക്സിക്കന്‍ മയക്കുമരുന്ന് വിപണി ഭരിച്ചിരുന്ന സിനലോവ കാര്‍ട്ടലിന്റെ തകര്‍ച്ചയോടെയാണ് എൽ മെൻചോയും സംഘവും പ്രബലരായത്. സിനലോവ തലവന്‍ ജോക്വിന്‍ ‘എല്‍ ചാപ്പോ’ ഗുസ്മാനെ അമേരിക്കയിലേക്ക് നാടുകടത്തിയതോടെയാണ് ആ സംഘം തകര്‍ന്നത്.
