തൃശൂർ പടിഞ്ഞാറേകോട്ടയ്ക്കുസമീപം വീടിന്റെ മതിലിൽ നിറഞ്ഞു പൂത്തുനിൽക്കുന്ന ക്യാറ്റ്സ്ക്ലോയുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കുന്ന യുവതികൾ.
തൃശൂർ: വീടിനും മതിലിനും മഞ്ഞപ്പന്തലിട്ട് കാഴ്ചയുടെ അപൂർവഭംഗിയൊരുക്കി ക്യാറ്റ്സ് ക്ലോ വൈൻ ചെടികൾ ജില്ലയിൽ വ്യാപകമാകുന്നു. കാർപോർച്ചും മുറ്റത്തെ പന്തലുമെല്ലാം മഞ്ഞനിറമുള്ള സമൃദ്ധിയായ പൂക്കൾകൊണ്ടും തണൽകൊണ്ടും മനോഹരമാക്കുന്ന ക്യാറ്റ്സ് ക്ലോയ്ക്കു പ്രചാരമേറുകയാണെന്നു നഴ്സറി ജീവനക്കാർ.
വേനൽച്ചൂടും മഴയും പ്രതിരോധിക്കുന്ന തണൽകൂടാരമാകുകയാണ് ഈ സസ്യം. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ കുലകളായി ഉണ്ടാകുന്നതുകൊണ്ട് കണിക്കൊന്നയുടെ അപരൻ എന്നാണ് അറിയപ്പെടുന്നത്. ഒറ്റച്ചെടിതന്നെ പടർന്നുപന്തലിക്കുമെന്നതാണ് സവിശേഷത. വേനലിലും മഴയിലും തഴച്ചുവളരും. ഏതുകാലത്തും നിറയെ പൂക്കളുണ്ടാകുമെന്നതാണ് ചെടിപ്രേമികൾക്കു ക്യാറ്റ്സ് ക്ലോ പ്രിയങ്കരമാക്കുന്നത്.
തണ്ടുകളിൽ പൂച്ചയുടെ നഖംപോലെ വളഞ്ഞ മുളപ്പുകൾ ഉണ്ടാകുന്നതുകൊണ്ടാണ് ഇവയ്ക്കു ക്യാറ്റ്സ്ക്ലോ എന്ന പേരുകിട്ടിയത്. ഓവൽ ആകൃതിയിലുള്ള പച്ച ഇലകളും ഭംഗിയുള്ളതാണ്. അങ്കേറിയ ടൊമെന്റോസ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.
ദക്ഷിണഅമേരിക്കയാണ് ജന്മദേശം. ആയുർവേദ ഹെർബൽ ഗവേഷണകേന്ദ്രങ്ങളിലും ഔഷധസസ്യ നഴ്സറികളിലും പരീക്ഷണ അടിസ്ഥാനത്തിൽ നട്ടുപിടിപ്പിക്കാനാണ് ഇവയെ കേരളത്തിലെത്തിച്ചത്.
ദോഷവുമേറെ
അധിനിവേശ സസ്യമായതിനാൽ ക്യാറ്റ്സ് ക്ലോ വളർത്തുന്പോൾ ജാഗ്രത വേണമെന്നു സസ്യശാസ്ത്രജ്ഞർ പറയുന്നു. വൻമരങ്ങളിൽപോലും പടർന്നുകയറുന്ന ഇവ മരങ്ങൾക്കും ചെടികൾക്കും ഭീഷണിയാണ്.
അതിനാൽതന്നെ ഇവയുടെ കന്പുകളും വേരുകളും പറിച്ചെടുക്കുന്പോൾ അലക്ഷ്യമായി വലിച്ചെറിയുന്നതു പ്രദേശമാകെ പടരാനിടയാക്കും. ഇത്തിൾക്കണ്ണിപോലെ മരങ്ങളെ നശിപ്പിക്കാനുമിടയാക്കുമെന്നു പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ശ്രീകുമാർ പറഞ്ഞു.
നേരിട്ടു ചുമരുകളിൽ പടർത്തിയാൽ വീടുകൾക്കു ബലക്ഷയം ഉണ്ടാക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇഴജന്തുക്കളെയും സൂക്ഷിക്കേണ്ടതുണ്ട്
