ന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഗൾഫ് മേഖലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് പാചകവാതക വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമാകുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതാണു പ്രതിസന്ധിക്കു കാരണം. ഈ സാഹചര്യത്തിൽ എൽപിജി വിതരണം ദിവസേന നിരീക്ഷിക്കാനും പൂഴ്ത്തിവയ്പുകാർക്കെതിരേ കർശന നടപടിയെടുക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
അതേസമയം, ഗ്യാസ് സിലിണ്ടറുകൾക്കു ക്ഷാമം നേരിടുമെന്ന വാർത്തകൾ പ്രചരിച്ചതോടെ രാജ്യമെങ്ങും ഇൻഡക്ഷൻ കുക്കറുകൾക്കായി നെട്ടോട്ടമോടുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഭൂരിഭാഗം ബ്രാൻഡുകളുടെയും ഇൻഡക്ഷൻ കുക്കറുകൾ വിറ്റുതീർന്നു. ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കു സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഉടൻ വീടുകളെയും ബാധിക്കുമെന്ന ഭീതിയാണ് ഇൻഡക്ഷൻ കുക്കറുകളുടെ വില്പന വർധിപ്പിച്ചത്.
ബംഗളൂരുവിൽ ഭക്ഷണനിയന്ത്രണം
പാചകവാതക ക്ഷാമം കണക്കിലെടുത്ത് ബംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് താമസക്കാർക്കു ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തി.ദോശ, ചപ്പാത്തി, പൂരി തുടങ്ങിയവ നൽകുന്നത് ഒഴിവാക്കാൻ പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നിർദേശം നൽകി.ഗ്യാസ് ഉപയോഗം കുറച്ച് ഭക്ഷണവിതരണം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ഈ താത്കാലിക ക്രമീകരണം. 25,000ലേറെ പിജികളാണു ബംഗളൂരുവിലുള്ളത്.
അടിയന്തര ഇടപെടലുമായി കേന്ദ്രം
വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതു തടയാനും ക്രമസമാധാനം നിലനിർത്താനും നിർദേശമുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന 24 മണിക്കൂർ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ എൽപിജി ആവശ്യത്തിന്റെ 62 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
കഴിഞ്ഞദിവസം പുറത്തിറക്കിയ എൽപിജി കൺട്രോൾ ഓർഡർ പ്രകാരം, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും ഗാർഹിക ഉപഭോക്താക്കൾക്കു വിതരണത്തിൽ മുൻഗണന നൽകാനും റിഫൈനറികൾക്കു നിർദേശം നൽകിയിട്ടുണ്ട്.ഹോട്ടലുകൾക്കും മറ്റു വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഉണ്ടാകുമെങ്കിലും ഗാർഹിക ആവശ്യങ്ങളെ ബാധിക്കാതെ വിതരണം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം.
