ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും പരിസരപ്രദേശങ്ങളിലും വീണ്ടും വ്യോമാക്രമണം. ടെഹ്റാനിലെയും സമീപനഗരങ്ങളിലെയും ജനവാസ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ സ്ത്രീയും കുട്ടിയുമടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടെഹ്റാൻ-ഖോം ടോൾ പ്ലാസയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് റെഡ് ക്രസന്റ് പ്രവർത്തകർക്കു പരിക്കേറ്റു. അതിനിടെ, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്കു കൂടുതൽ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജതബ ഖമനയ് മുന്നറിയിപ്പ് നൽകി.
എന്നാൽ, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ അനുകൂലമായ സാഹചര്യമാണു നിലവിലുള്ളതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇതിനിടെ, ഇറാൻ വിക്ഷേപിച്ച പന്ത്രണ്ട് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി സൗദി അറേബ്യ അറിയിച്ചു.
എണ്ണ വിലയിൽ നേരിയ കുറവ്
യുദ്ധം തുടരുന്നതിനിടെ ആഗോള എണ്ണവിലയിൽ നേരിയ കുറവുണ്ടായി. റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക മുപ്പതു ദിവസത്തെ അനുമതി നൽകിയതാണ് വില കുറയാൻ കാരണമായത്. ബ്രെന്റ് ക്രൂഡ് വില 99.75 ഡോളറായും യുഎസ് ഡബ്ല്യുടിഐ വില 94.85 ഡോളറായും താഴ്ന്നു. റഷ്യൻ എണ്ണയില്ലാതെ ലോക ഊർജവിപണിക്ക് നിലനിൽപ്പില്ലെന്ന അമേരിക്കയുടെ അംഗീകാരമാണ് ഈ നീക്കമെന്ന് മോസ്കോ പ്രതികരിച്ചു.
വ്യോമഗതാഗതം പരിമിതം
ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ നിയന്ത്രണം തുടരുന്നതിനാൽ യുഎഇ എയർലൈനുകളായ എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ പരിമിതമായ സർവീസുകൾ മാത്രമാണു നടത്തുന്നത്. യുദ്ധം കപ്പൽ ഗതാഗതത്തെ ബാധിച്ചതോടെ പാനമ കനാൽ വഴിയുള്ള ഗതാഗതം വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
