തിരുവനന്തപുരം: വടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടി രൂപ മൂല്യമുള്ള വജ്രം പതിപ്പിച്ച സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു.
ഗൗരി ലക്ഷ്മി ഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. 2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ യാഥാസ്ഥാനത്ത് ഇല്ലെന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്.
തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ ലഭിച്ചില്ല. അതോടെ മോഷണമാണെന്ന സംശയത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയാറായിട്ടില്ല.
മോഷണം പോയ വസ്തുക്കൾ
1) ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ – 1/2 പവൻ.
2) പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ പാദസരം – 3 പവൻ.
3) കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസ്വരം – 2 പവൻ.
4) വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ – 4 പവൻ.
5) വീതി കുറഞ്ഞ 2 സ്വർണ പിരിവള – 3 പവൻ.
6) കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും.
7) പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും – 2.5 പവൻ ,
8) സ്വർണ്ണ കുഴി മിന്നു മാല -5 പവൻ.
9) എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും.
9) സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ.
10) റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള – 6 പവൻ.
11) നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ.
12). ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന മുതലുകൾ മോഷണം പോയി.
