പരവൂർ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റെയിൽവേ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച് കേരളം.2023 മുതൽ 2026 വരെയുള്ള കാലയളവിൽ 18 പുതിയ ട്രെയിൻ സർവീസുകളും രണ്ട് എക്സ്റ്റൻഷൻ സർവീസുകളും ഉൾപ്പെടെ ആകെ 20 വണ്ടികളാണ് സംസ്ഥാനത്തിന് അനുവദിച്ചത്.
വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ളവ കേരളത്തിന്റെ യാത്രാ സൗകര്യങ്ങളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. സംസ്ഥാനത്തിന്റെ അഭിമാനമായ വന്ദേ ഭാരത് സർവീസുകൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗളൂരു, എറണാകുളം-ബംഗളൂരു റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി.
ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി അമൃത് ഭാരത് സർവീസുകളും സംസ്ഥാനത്തിന് ലഭിച്ചു. തിരുവനന്തപുരം-താമ്പരം, തിരുവനന്തപുരം-ചെർലപ്പള്ളി, നാഗർകോവിൽ-മംഗളൂരു എന്നിവയാണ് കേരളത്തിന് ലഭിച്ചത്. എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി, കൊല്ലം-വിശാഖപട്ടണം, മംഗളൂരു-രാമേശ്വരം, മംഗളൂരു-തിരുനെൽവേലി, പാലക്കാട്-കണ്ണൂർ തുടങ്ങിയ പ്രധാന എക്സ്പ്രസ് സർവീസുകളും യാത്രാ സമയം കുറയ്ക്കാനും ദീർഘദൂര കണക്റ്റിവിറ്റി വർധിപ്പിക്കാനും സഹായിച്ചു.
ഇത് കൂടാതെ ഹ്രസ്വദൂര യാത്രക്കാർക്കായി ഷൊർണൂർ-നിലമ്പൂർ, കൊല്ലം-എറണാകുളം, കണ്ണൂർ-കോഴിക്കോട്, പാലക്കാട്-പൊള്ളാച്ചി മെമു സർവീസുകളും ഇക്കാലയളവിൽ ആരംഭിച്ചു.മാത്രമല്ല നിലവിലുണ്ടായിരുന്ന മംഗളൂരു-കോഴിക്കോട് സർവീസ് പാലക്കാട്ടേക്കും, ബംഗളൂരു-കണ്ണൂർ സർവീസ് കോഴിക്കോട്ടേക്കും നീട്ടിയത് ഈ മേഖലകളിലുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായി.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിന് ഈ പുതിയ സർവീസുകൾ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ട്രെയിനുകളുടെ എണ്ണം വർധിച്ചതും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയതും കേരളത്തിന്റെ യാത്രാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
- എസ്.ആർ. സുധീർ കുമാർ
