ഗൂഗിൾ സെർച്ചിലെ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നായ ‘വാട്ട് പീപ്പിൾ സജസ്റ്റ്’ എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സേവനം കന്പനി പിൻവലിച്ചു. സാധാരണക്കാർ പങ്കുവയ്ക്കുന്ന ആരോഗ്യ സംബന്ധമായ അനുഭവനങ്ങളും ചികിത്സാ നിർദേശങ്ങളും എഐ ഉപയോഗിച്ച് ക്രോഡീകരിച്ചു നൽകുന്ന ഈ ഫീച്ചർ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണ് നടപടി.
ആഗോളതലത്തിൽ ആരോഗ്യ വിവരങ്ങൾ മെച്ചപ്പെടുത്താൻ ഈ ഫീച്ചർ സഹായിക്കുമെന്ന് നേരത്തേ ഗൂഗിൾ അവകാശപ്പെട്ടിരുന്നെങ്കിലും, ഇതിലെ വിവരങ്ങളുടെ കൃത്യതയില്ലായ്മ വലിയ ആശങ്കകൾക്കു വഴിമരുന്നിട്ടു. സെർച്ച് പേജ് കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഗൂഗിൾ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിമാസം 200 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ സംവിധാനം വഴി വിദഗ്ധ ഉപദേശങ്ങൾക്കുപകരം തെറ്റായ നിഗമനങ്ങളാണ് പ്രചരിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ഇതേത്തുടർന്ന് ചില സുപ്രധാന മെഡിക്കൽ തെരച്ചിലുകളിൽനിന്ന് എഐ ഓവർവ്യൂകൾ ഗൂഗിൾ ഒഴിവാക്കിയിരുന്നു.
സമാനമായ രോഗാവസ്ഥകളിലൂടെ കടന്നുപോയവരുടെ അനുഭവങ്ങൾ എഐ വഴി തരംതിരിച്ച് ഉപയോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം വാട്ട് പീപ്പിൾ സജസ്റ്റ് അവതരിപ്പിച്ചത്. ഗൂഗിൾ ചീഫ് ഹെൽത്ത് ഓഫീസറായിരുന്ന കാരൻ ഡിസാൽവോ ഈ പദ്ധതിയെ വലിയ രീതിയിൽ പ്രോത്സാഹിപ്പിരുന്നു.
