ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു സമീപമുള്ള ഇറേനിയൻ മിസൈൽ കേന്ദ്രങ്ങൾക്കുനേരേ അമേരിക്കയുടെ അതിശക്തമായ ബോംബാക്രമണം. അമേരിക്കൻ ആയുധശേഖരത്തിലെ ഏറ്റവും കരുത്തുറ്റ “ബങ്കർ ബസ്റ്റർ’ ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.
ഏകദേശം 2,268 കിലോഗ്രാം (5,000 പൗണ്ട്) ഭാരമുള്ളതും ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതുമായ ബോംബുകൾ തീരപ്രദേശത്തെ ഇറാൻ മിസൈൽ താവളങ്ങൾ തകർത്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കു വീണ്ടും തുറക്കുന്നതിനുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലാണ് അമേരിക്കൻ ആക്രമണം.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു ഭീഷണിയായ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനായിരുന്നു ആക്രമണമെന്ന് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു. അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിൽ, ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വിതരണവും നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും സമുദ്ര വ്യാപാരം തടസപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കു തുറക്കുന്നതിനായി സൈനിക സഹായം നൽകണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം നാറ്റോ ഉൾപ്പെടെയുള്ള യുഎസ് സഖ്യകക്ഷികൾ തള്ളി. ഇതിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയു ചെയ്തു. ഭൂമിക്കടിയിലെ ലക്ഷ്യങ്ങളെ തകർക്കാനാണ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത്. 2022ലെ കണക്കുകൾ പ്രകാരം ഏകദേശം 2.75 കോടിയോളം രൂപയാണ് ഒരു ബോംബിന്റെ നിർമാണച്ചെലവ്.
