ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 51 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
നാൽപാത്തിമല താന്നിക്കൽ വീട്ടിൽ ടി.എം. മഹേഷ് (20)നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷ്നി എച്ച്. ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2024 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാരായിരുന്ന ഷോജോ വർഗീസ്, എ.എസ്. അൻസൽ എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെ വിസ്തരിക്കുകയും 28 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
