പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കൃഷ്ണ കുമാറിനൊപ്പം ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ദിയയുടെ ഭർത്താവ് അശ്വിൻ, മകൻ നീയോം എന്ന ഓമി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദിയയുടെ മകൻ ഓമിയെ താലോലിക്കുന്ന മോദിയുടെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം.
‘‘ദൈവീകം ഈ ബന്ധം…ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു.
ഭാരതത്തിന്റെ ഈ കർമയോഗിക്ക് സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു…ജയ്ഹിന്ദ്.’’കൃഷ്ണകുമാറിന്റെ വാക്കുകൾ.
അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായൊരു വിശദീകരണം കൃഷ്ണകുമാറിന്റെ കുടുംബം നൽകിയിട്ടില്ല.
പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഹാനയും ഇഷാനിയും ഹൻസികയും പ്രത്യേകം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
‘‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടൊപ്പമുള്ള വളരെ പ്രചോദനം നൽകിയ ഒരു പ്രഭാതം. അദ്ദേഹത്തെപ്പോലെ ഇത്രയും മുകളിൽ നിൽക്കുന്ന ഒരാൾ വളരെ ഊഷ്മളതയോടും വ്യക്തിപരമായ സ്പർശത്തോടും കൂടി ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.
ഞങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ ഉത്തരം നൽകുകയും ലളിതവും ആത്മാർഥവുമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് ഞങ്ങൾ ഏതാണ്ട് മറന്നുപോയ നിമിഷമുണ്ടായി. ലാളിത്യവും മഹത്വവും ഒരുമിച്ച് പോകുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം എന്നും എന്റെഹൃദയത്തിൽ വളരെ സ്പെഷലായിരിക്കും.
എന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ വളരെയധികം അഭിമാനിച്ചു – ഇത്രയധികം പ്രമുഖ വ്യക്തികൾക്കിടയിൽ അദ്ദേഹത്തിന് വർഷങ്ങളായി ലഭിച്ച ബഹുമാനവും പരിഗണനയും ഞാൻ കണ്ടു. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച സ്വീകരണം അതിനൊരു പ്രതിഫലനമായി തോന്നി. ഒരു മകൾ എന്ന നിലയിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു.’’അഹാന കുറിച്ചതിങ്ങനെ.
