ജീവിച്ചിരുന്നപ്പോൾ നിഴലായും, വിട പറഞ്ഞശേഷം വയലാറിന്റെ ഓർമകൾ സാന്ദ്രമാക്കിയും നിന്ന ആത്മസുഹൃത്താണ് സി.വി. ത്രിവിക്രമൻ. വയലാർ സ്മാരക ട്രസ്റ്റ് സെക്രട്ടറിയായി നീണ്ട വർഷങ്ങൾ പ്രവർത്തിച്ചിരുന്ന അദ്ദേഹം വയലാർ സാഹിത്യ അവാർഡിന്റെ ചാലക ശക്തിയായിരുന്നു. 2013 ജൂൺ ആദ്യം വയലാറിന്റെ ജീവിതത്തിലെ കുറേ അനർഘ നിമിഷങ്ങളുടെ ഫോട്ടോ പ്രദർശനം തിരുവനന്തപുരം വിജെടി ഹാളിൽ (ഇന്നത്തെ അയ്യങ്കാളി ഹാൾ) സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ചിരുന്നു.
സി.വി. ത്രിവിക്രമന്റെ സ്വകാര്യ ഫോട്ടോ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു അത്. അവയിൽ വയലാറും സലിൽ ചൗധരിയുമായുള്ള ഒരു ഗാഢ സൗഹൃദ നിമിഷം ഉണ്ട്… ഏതോ അതുല്യ ഗാന സൃഷ്ടിയുടെ നിമിഷത്തിൽ ഹോട്ടൽ മുറിയിൽ ചൗധരിയുമായി ചേർന്നിരിക്കുന്ന ചിത്രം.
സൗഹൃദങ്ങൾ എന്നും വയലാറിന് ഒരു ദൗർബല്യമായിരുന്നു. സിനിമാ ലോകത്തെ ഗാന ശില്പികളോടും അതിരുകവിഞ്ഞ സ്നേഹമായിരുന്നു വയലാറിന്. സിനിമാ ഗാനലോകത്തിന് ഉള്ളിലും പുറത്തും ആ ആത്മസൗഹൃദം നീണ്ടു. ജി. ദേവരാജനുമായുള്ള “കെമിസ്ട്രി ‘വളരെ പ്രശസ്തമാണല്ലോ…
മലയാളത്തിന്റെ ഇതിഹാസ ചിത്രമായ ചെമ്മീനിൽ ആണ് വയലാറും സലിൽ ചൗധരിയും ആദ്യമായി ഒന്നിക്കുന്നത്. “ചെമ്മീനി’ലെ മാനസ മൈനേ വരൂ.. കടലിനക്കരെ പോണോരെ.. തുടങ്ങിയ അനശ്വര ഗാനങ്ങൾ വയലാറും സലിൽ ചൗധരിയും ചേർന്ന് സൃഷ്ടിച്ചതാണ്. എന്നാൽ പ്രഥമ സമാഗമ സന്ദർഭം അത്ര സുഖകരമായിരുന്നില്ല.
സലിൽ ചൗധരി മുൻകൂട്ടി നൽകുന്ന ഈണത്തിന് അനുസരിച്ചുള്ള പാട്ടുകളാണു സിനിമയിൽ വേണ്ടതെന്ന് സംവിധായകൻ രാമു കാര്യാട്ട് വയലാറിനോട് പറഞ്ഞിരുന്നു. സർഗസഞ്ചാരിയായ വയലാറിന് ആ നിബന്ധന തീരെ ഇഷ്ടമായില്ല.
” ഓരോ മാസ്മര ലോകവുമുണ്ടതിലെനിക്കെന്നന്തരാത്മാവിലെത്തേരോടിക്കണ, മെന്റെ കാവ്യകലയെക്കൊണ്ടാകുവോളം വരെ! എന്ന് പാടിയ കവിയാണല്ലോ വയലാർ!
പ്രശസ്ത ചലച്ചിത്ര ഗാന നിരൂപകൻ ടി. പി.ശാസ്തമംഗലം “ചെമ്മീനി’ലെ ഗാനസൃഷ്ടിയെക്കുറിച്ച് പറയുന്നു. ” മുൻ കാലത്ത് ഉത്തരേന്ത്യൻ സംഗീത സംവിധായകന്മാർ പൊതുവേ ബോംബെയിലെ സ്റ്റുഡിയോകളിൽ വച്ചായിരുന്നു ഗാന റെക്കോർഡിംഗ് നടത്തിയിരുന്നത്. മലയാള സിനിമാ ഗാനങ്ങൾക്കു സംഗീതം പകരുമ്പോഴും ബോംബെ തന്നെയാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. ബോംബെയിലെ സ്റ്റുഡിയോകളുമായി ഇവർക്ക് ഉണ്ടായിരുന്ന പരിചയമായിരുന്നു ഇതിനു കാരണം.
അതു കൊണ്ടുതന്നെ മലയാളികളായ ഗാന രചയിതാക്കൾക്കു ഗാനങ്ങളുടെ റെക്കോർഡിങ് സമയത്ത് ബോംബെയിൽ എത്തേണ്ടതായി വന്നു. ബോംബെയിൽ പോവുക എന്നത് വയലാറിന് ഒരു വിഷയമായിരുന്നില്ല. എന്നാൽ ബംഗാളി സംഗീത സംവിധായകൻ സലിൽ ചൗധരി നൽകുന്ന ട്യൂണിനൊപ്പം വരികൾ എഴുതുക എന്നതുമായി പൊരുത്തപ്പെടാൻ വയലാറിന് കഴിയാതെ വന്നു.. അങ്ങനെ “ചെമ്മീനി’ലെ ഗാന രചന വേണ്ടെന്നു വച്ച് വയലാർ പിണങ്ങി പോവുകയും ചെയ്തു.വയലാർ രംഗം വിട്ടപ്പോൾ രാമുകാര്യാട്ട്, ഗാന രചനാരംഗത്ത് സജീവമായിരുന്ന ഒ. എൻ. വി. കുറുപ്പിനെ സമീപിച്ചു. അക്കാലത്ത് കോളജ് അധ്യാപകനായിരുന്ന ഒഎൻവിക്ക് കോളജിൽ നിന്ന് അവധിയെടുത്ത് ബോംബെയിൽ പോയി താമസിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
കാര്യങ്ങൾ ഇങ്ങനെ പ്രതികൂലമായപ്പോൾ വയലാറിനെ സ്നേഹപൂർവ്വം നിർബന്ധിച്ചു ‘ചെമ്മീനി’ലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു രാമു കാര്യാട്ട്. കേരളവുമായി വലിയ സാദൃശ്യമുള്ള സംസ്ഥാനമാണ് ബംഗാൾ. കടലും, കടൽത്തീരവും, കടലിന്റെ മക്കളും ബംഗാളിൽ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കടൽ പശ്ചാത്തലമായ ചെമ്മീൻ ചിത്രത്തിലെ ഗാനത്തിന് സംഗീതം നൽകുന്നത് സലിൽ ചൗധരിക്ക് എളുപ്പമായി.
ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചുവെങ്കിലും “ചെമ്മീനി’ലെ പാട്ടുകൾ പുറത്തു വന്നപ്പോൾ രാമു കാര്യാട്ട് പോലും അദ്ഭുതപ്പെട്ടുപോയി. അന്ന് തുടങ്ങിയ വയലാർ-സലിൽ ചൗധരി സൗഹൃദം വയലാറിന്റെ മരണംവരെ നീണ്ടുനിന്നു. “തുലാവർഷം’ ഇരുവരും ഒന്നിച്ച് അവസാന ചിത്രമാണ്.
മന്നാടെ പാടിയ, ചലച്ചിത്ര താരം മധുവിന്റെപരീക്കുട്ടി നോവാക്കി മാറ്റിയ മാനസമൈനേ വരൂ.. ഉൾപ്പെടെയുള്ള ചെമ്മീനിലെ ഗാനങ്ങൾ ഇന്നും നെഞ്ചിലേറ്റുന്നു മലയാളം. നീലപൊന്മാനേ എന്റെ നീലപ്പൊന്മാനേ.. കേളി നളിനം വിടരുമോ… മനക്കലെ തത്ത… തുടങ്ങി വയലാർ-സലിൽ ചൗധരി ഇന്ദ്രജാലത്തിലെ നിരവധി നിരവധി ഗാനങ്ങളും…
എസ്. മഞ്ജുളാദേവി
