ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറില്‍ ഹൗസിംഗ് ബോര്‍ഡ് അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച ലിഫ്റ്റിന്റെ ടെന്‍ഡര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി.
ഒരു ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ഹൗസിംഗ് ബോര്‍ഡ് അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരികയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്കു കുരുക്കായി.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതല വഹിക്കുന്ന താലൂക്ക് ഓഫീസറും അനുബന്ധ ഉദ്യോഗസ്ഥരും റവന്യു ടവറിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടക്കേണ്ട ഓഫീസുകളില്‍ നിരവധി ഏണിപ്പടികള്‍ കയറേണ്ട അവസ്ഥയാണ്.
താലൂക്ക് ഓഫീസ് കൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ്, സപ്ലൈ ഓഫീസ്, എല്‍എ തഹസില്‍ദാര്‍ തുടങ്ങി ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ആറുനിലക്കെട്ടിടത്തിലാണ്. ഈ കെട്ടിടസമുച്ചയത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വയോജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്.
