പരവൂർ: ട്രെയിൻ യാത്രക്കാരുടെയും ട്രാക്കിനു സമീപം താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം 16,398 കിലോമീറ്റർ ദൂരത്തിൽ റെയിൽവേ ട്രാക്കുകളിൽ വേലി സ്ഥാപിച്ചു. ട്രെയിനുകൾ തട്ടി കന്നുകാലികൾ ചാവുന്നതും നിയമവിരുദ്ധമായി ട്രാക്ക് മുറിച്ചുകടക്കുന്നതും തടയുക ലക്ഷ്യമിട്ടാണ് നടപടി. ഇതിനൊപ്പം കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും ട്രാക്ക് മുറിച്ചുകടക്കാൻ സബ്വേകളും റെയിൽവേ നിർമിക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 110 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടുന്ന പാതകളിലും അപകടസാധ്യതയുള്ള ഇടങ്ങളിലുമാണ് വേലി കെട്ടുന്നതിന് മുൻഗണന നൽകുന്നത്. ഉത്തര മധ്യ റെയിൽവേയിലാണ് ഏറ്റവും കൂടുതൽ ദൂരത്തിൽ വേലി സ്ഥാപിച്ചത്-2,721 കിലോമീറ്റർ. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 827 കിലോമീറ്റർ ദൂരത്തിൽ വേലി കെട്ടിയിട്ടുണ്ട്. വടക്കുകിഴക്കൻ അതിർത്തി റെയിൽവേയിലാണ് ഏറ്റവും കുറവ് (153 കി.മീ).
മഹാരാഷ്ട്രയിലെ ലോണാവാല-പുനെ- ദൗണ്ട് പാതയിൽ 209.38 കോടി രൂപ ചെലവിൽ 290 കിലോമീറ്റർ ദൂരത്തിൽ വേലി നിർമാണം നടക്കുകയാണ്. ഇതിൽ 150 കിലോമീറ്റർ പൂർത്തിയായി. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. ട്രാക്കുകളിൽ വേലി സ്ഥാപിക്കുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നടപ്പാലങ്ങളും അടിപ്പാതകളും നിർമിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.
മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ
ഇപ്രകാരമാണ്.
ക്രമനമ്പർ റെയിൽവേ സോൺ ദൂരം (കി.മീ)
1 നോർത്ത് സെൻട്രൽ 2,721
2 സൗത്ത് സെൻട്രൽ 2,326
3 വെസ്റ്റേൺ 2,257
4 നോർത്ത് വെസ്റ്റേൺ 1,539
5 വെസ്റ്റ് സെൻട്രൽ 1,415
6 സെൻട്രൽ 966
7 സതേൺ (ദക്ഷിണ റെയിൽവേ) 827
8 ഈസ്റ്റേൺ 754.
