കളമശേരി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും ഇത് പുറത്തുവിടുന്നത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും തിരിച്ചറിയല്‍ പരേഡ്. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിയെ കഴിഞ്ഞ ദിവസം അഗളിയില്‍ നിന്നും പോലീസ് സാഹസികമായാണ് പിടികൂടിയത്.
കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലവും കവരുകയുമായിരുന്നു.
200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രണമണം പീഡന ഉദ്ദേശത്തോടെ
യുവതിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്കി. സംഭവസമയം ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ മദ്യലഹരിയിലായിരുന്നു. യുവതി ശക്തമായി ചെറുത്തു നിന്നതിനാലാണ് പ്രതി പീഡന ശ്രമം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് നിന്നെത്തി കെഎസ്ഇബി കരാര്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ യുവതി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
കളമശേരി മേഖലയില്സിസിടിവികള് ഇല്ല
യുവതി ആക്രമിക്കപ്പെട്ട സ്ഥലത്തടക്കം മേഖലയില്‍ സിസിടിവികള്‍ ഇല്ല. ഇത് കേസ് അന്വേഷണങ്ങളില്‍ പോലീസിന് തലവേദന സൃഷ്ടിക്കുന്നു. കളമശേരി മെഡിക്കല്‍ കോളജ് പ്രദേശത്തും സിസിടിവികള്‍ ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.കേസില്‍ 200ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
