കൊച്ചി: എറണാകുളം കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി യുവതീ യുവാക്കള്‍ പിടിയിലായ കേസില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്. കേസിലെ മുഖ്യപ്രതി ഇവന്റ് മാനേജ്മെന്റ് ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസില്‍ ഷാജി ഫെര്‍ണാണ്ടോ (ഷോണ്‍- 44)യുടെ പണം ഇടപാടുകളാണ് കസ്റ്റംസ് മുഖ്യമായും പരിശോധിക്കുന്നത്. ഷാജി ഫെര്‍ണാണ്ടോ ലഹരി സംഘങ്ങള്‍ക്കിടയിലെ ദാദയാണെന്നാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍.
അടുത്തിടെ ഇയാളും സംഘവും നടത്തിയ ലഹരി പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നു. ക്രൂയിസ് ഷിപ്പില്‍ ലഹരിപാര്‍ട്ടി നടത്തിയത് പുലര്‍ച്ചെ മൂന്ന് മുതല്‍ എട്ടുവരെയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഷാജിയുടെ സ്ഥാപനം വഴി കഴിഞ്ഞ മാസങ്ങളില്‍ നടന്ന എല്ലാ പരിപാടികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസില്‍ ഷാജി ഫെര്ണാണ്ടോയ്ക്കു പുറമേ ഇടപ്പള്ളി റസ്റ്റോറന്റ് ഉടമ കലൂര്‍ കെന്റ് പാം ഫ്ലാറ്റില്‍ ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ ലോട്ടസ് വീട്ടില്‍ അഡ്വ. രോഹിത് നായര്‍ (25), കെമിക്കല്‍ ട്രീറ്റ്മെന്റ് ബിസിനസുകാരനായ ആലുവ കടുങ്ങല്ലൂര്‍ ഒബ്രോണ് അപ്പാര്‍ട്മെന്റില്‍ ജിനോ മുരളി, ന്യൂട്രീഷ്യനായ ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്തുതെക്കേതില് അക്ബര്‍ ഷാ (30), ദന്തഡോക്ടറായ പന്തളം മെയ്ഫെയര്‍ ബെന്‍സി റാവുത്തര്‍ (29), ഫിസിയോ തെറാപ്പിസ്റ്റായ കൊല്ലം ചടയമംഗലം എസ്ആര്‍എച്ച് വീട്ടില്‍ സെയ്തലി ഫാത്തിമ (29), ഏവിയേഷന്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ അഞ്ചരക്കണ്ടി പൂക്കൊത്തുപാളയം അമല്‍ റൗഫ് (26) എന്നിവരെയാണ് ശനിയാഴ്ച കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില് എന്നിവ പിടിച്ചെടുത്തിരുന്നു.
ലഹരി എത്തിയച്ചയാളെ തിരിച്ചറിഞ്ഞതായി സൂചന
പ്രതികള്‍ക്ക് ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കിയയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ എറണാകുളം സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. ക്രൂയിസ് പാര്‍ട്ടികളിലും മറ്റും വന്‍തോതില്‍ ഇയാള്‍ ലഹരി എത്തിച്ചിരുന്നതായാണ് ലഭ്യമാകുന്ന വിവരം.
സംഘത്തില്‍ വിദ്യാര്‍ഥിനി മുതല്‍ ഡോക്ടര്‍വരെ
അറസ്റ്റിലായ പ്രതികളില്‍ വിദ്യാര്‍ഥിനി മുതല്‍ ഡോക്ടര്വരെയാണ് ഉള്ളത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. ഇവര്‍ നിരവധി മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയാണ് സംഘത്തിന്റെ പതിവ്.
