ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്കിൽ 18 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതായി കേന്ദ്രസർക്കാർ. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുമായി ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലുകളാണു കടലിടുക്കിനു പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന വിദേശ പതാക ഘടിപ്പിച്ച പത്തു കപ്പലുകളും കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു തുറമുഖമന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. യുദ്ധം തുടങ്ങിയതോടെ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിച്ചത് വാണിജ്യ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നിട്ടുണ്ട്. ഇതിൽ 94,000 ടൺ പാചകവാതകവുമായി വരുന്ന ബിഡബ്ല്യു ടൈർ ഇന്നു മുംബൈയിലും ബിഡബ്ല്യു എം നാളെ മംഗളൂരുവിലും എത്തുമെന്നാണ് പ്രതീക്ഷ.ഇറാനു ശത്രുതയില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്കിന് നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽഎൻജിയുടെ 50 ശതമാനവും എൽപിജിയുടെ 90 ശതമാനവും ഈ പാതയിലൂടെയാണു കടന്നുപോകുന്നത്. യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ ഇന്ധനലഭ്യതയെ ഇതു ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ് ഇന്ത്യ.
