വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തിൽ നിർണായക വിജയം കൈവരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനികശേഷി തകർത്തതായും വരും ആഴ്ചകളിൽ സൈനികനടപടി പൂർണമായും അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.
“ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഇറാന്റെ നാവിക-വ്യോമ സേനകൾ നാമാവശേഷമായെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.ഇറാന്റെ മിസൈൽ-ഡ്രോൺ വിക്ഷേപണ ശേഷി തകർത്തതായും ആയുധനിർമാണകേന്ദ്രങ്ങൾ ബോംബിട്ടു നശിപ്പിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു. വിപ്ലവ ഗാർഡിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകർന്നു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടുന്ന സഖ്യകക്ഷികൾക്ക് ഇനി ഇറാനിൽനിന്നു ഭീഷണി ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
വരും ആഴ്ചകളിൽ ആക്രമണം കടുപ്പിക്കുമെന്നും വഴങ്ങിയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്നും ട്രംപ് കനത്ത താക്കീതു നൽകി.ഇസ്രയേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സഖ്യകക്ഷികൾ പരാജയപ്പെടാനോ, അവർക്കു പരിക്കേൽക്കാനോ അമേരിക്ക അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ നൽകിയ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളും മുന്നോട്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഭരണമാറ്റം ലക്ഷ്യമല്ലായിരുന്നെങ്കിലും നേതാക്കളുടെ മരണം അക്കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കാനിടയാക്കിയെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഒന്നാം നമ്പർ ഭീകരരാജ്യമാണ് ഇറാൻ. അവർ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് അമേരിക്കയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമ സർക്കാരിന്റെ കാലത്തെ ആണവ കരാർ റദ്ദാക്കിയതും ഖാസിം സുലൈമാനിയെ വധിച്ചതും മുൻനിർത്തി തന്റെ നയങ്ങൾ ശരിയായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ എണ്ണവില വർധിക്കുന്നതിനു കാരണം ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതേസമയം, അമേരിക്ക ഇന്നു ലോകത്തിലെ ഏറ്റവും വലിയ എണ്ണ-വാതക ഉത്പാദക രാജ്യമാണെന്നും ഇത്തരം തടസങ്ങളെ അതിജീവിക്കാൻ രാജ്യത്തിനു കരുത്തുണ്ടെന്നും ട്രംപ് പറഞ്ഞു.
