കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പോലീസ് സംരക്ഷണം ഒരുക്കിയതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടി ഗോവിന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.
എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.സിപിഎം കോട്ടകളില്‍ വ്യാജവോട്ട് സാധ്യതയുണ്ടെന്നും സിപിഎം വന്‍തോതില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്നുമാണ് ഗോവിന്ദന്റെ ആരോപണം.ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേയും സര്ക്കാരിന്റേയുമടക്കം വിശദീകരണം തേടിയിട്ടുണ്ട്.
സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ബൂത്ത് പിടുത്തം, കള്ളവോട്ട്, ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ വോട്ടെടുപ്പ് സുതാര്യമായി നടത്താനായി വോട്ടര്‍മാര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മതിയായ പോലീസ് സംരക്ഷണം നല്‍കണം.
ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്പെക്ടറും 10 സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ നിയോഗിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യണം. ബൂത്തിന് പുറത്തും കാമറകള്‍ സ്ഥാപിക്കണം.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷകരെ നിയോഗിക്കണം.
ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെ ഇടക്കാല സംരക്ഷണം നല്‍കണമെന്നും ആവശ്യമുണ്ട്. അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.ക്രമക്കേടുകള്‍ക്കുള്ള സാധ്യത ഉന്നയിച്ച് നാദാപുരം മണ്ഡലത്തിലെ യുഡിഎഫ് പോളിംഗ് ഏജന്റ് കെ.എം. രഘുനാഥ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
