കായംകുളം: വയോധികനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ടു പേർ പോലീസ് പിടിയിലായി. കായംകുളം പെരിങ്ങാല സ്വദേശിയായ 66 വയസുള്ള വയോധികനെ മർദിക്കുകയും സോഡാക്കുപ്പികൊണ്ട് തലയ് ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടയായ കായംകുളം ചേരാവള്ളി മുല്ലശേരിൽ വീട്ടിൽ മകൻ മാങ്ങാണ്ടി ഷെമീർ എന്നു വിളിക്കുന്ന ഷെമീർ (40), ഇയാളുടെ സുഹൃത്ത് കായംകുളം പെരിങ്ങാല മനീഷ് ഭവനത്തിൽ സ്വർണ്ണപ്പല്ല് മനീഷ് എന്നു വിളിക്കുന്ന മനീഷ് (40) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം വൈകിട്ട് 5.30 ന് ഒന്നാംകുറ്റി ജംഗ്ഷന് വടക്ക് ലോട്ടറിക്കടയുടെ മുമ്പിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന വയോധികനെ മദ്യപിച്ച് സ്കൂട്ടറിൽ എത്തിയ സംഘം ചീത്തവിളിക്കുകയും അടിക്കുകയും സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരിക്കേറ്റ വയോധികൻ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മൂന്നു തവണ കാപ്പാ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ള മാങ്ങാണ്ടി ഷെമീർ ഒമ്പതു കേസിൽ പ്രതിയാണ്. മാങ്ങാണ്ടി ഷെമീറിനു വേണ്ട സാമ്പത്തിക സഹായവും ഒത്താശയും ചെയ്ത് നൽകുന്ന ആളാണ് സ്വർണപ്പല്ല് മനീഷെന്ന് പോലീസ് പറഞ്ഞു.
കായംകുളം ഡി വൈഎസ്പി ബിനുകുമാറിന്റെ മേൽ നോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ ജോബിൻ, പ്രേംജിത്ത്, എഎസ്ഐ മാരായ റെജി, ലിമു, ഷിബു ചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യൂഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
