തലശേരി: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിനു പിന്നിൽ അധ്യാപകരുടെ പീഡനത്തിനു പുറമെ ലോൺ ആപ്പ് കുരുക്കും.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിൽ പ്രതിസ്ഥാനത്ത് എത്തിയിട്ടുള്ള അധ്യാപകൻ ഡോ. എം.കെ. റാം കോളജിലെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയതായും പരാതി. നിതിനോട് സീനിയർ വിദ്യാർഥികളിൽ ചിലർ അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ടും പുറത്തുവന്നു. നിതിൻ ഓൺലൈൻ ലോൺ ആപ്പിലൂടെ വായ്പ എടുത്ത തുകയുടെ ഒരു ഗഡുവായ 18,000 രൂപ അടയ്ക്കാത്തതിനെത്തുടർന്ന് ലോൺ നൽകിയവരുമായി നിതിൻ നടത്തിയ ചാറ്റുകൾ രാഷ്ട്രദീപികയ്ക്ക് ലഭിച്ചു.
താൻ പാവപ്പെട്ടവനാണെന്നും വായ്പ ഗഡു തിരിച്ചടക്കാനാകുന്നില്ലെന്നും ഉൾപ്പെടെ നിതിൻ ഫിനാൻസ് കമ്പനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. നിതിൻ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഫിനാൻസ് കമ്പനിയിൽ നിന്നും നിതിന്റെ അധ്യാപികയ്ക്ക് ഉത്തരേന്ത്യയിൽ നിന്നും നിരന്തരമായി നിരവധി കോളുകളാണ് എത്തിയിരുന്നത്. നിതിന്റെ മാതാവിന്റെയും അധ്യാപികയുടേയും പേര് ഒന്നാണ്.
ഈ സാമ്യമാകാം ഫിനാൻസ് കമ്പനിയെ നിതിൻ അടക്കാനുള്ള പണത്തിനായി അധ്യാപികയെ വിളിക്കാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
നിതിൻ ജീവനൊടുക്കിയ ദിവസത്തിലും അതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും അധ്യാപികയ്ക്ക് പണം ആവശ്യപ്പെട്ടു കൊണ്ട് തുടർച്ചയായി ഇരുപതിലേറെ ഫോൺ കോളുകളാണ് എത്തിയത്. തന്റെ നമ്പർ ഫിനാൻസ് കമ്പനിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് അധ്യാപിക നിതിനോട് ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച് കോളജ് പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ഏപ്രിൽ പത്തിന് ഉച്ചക്ക് 12.30 ന് നിതിനെ കോളജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചു.
അധ്യാപികയുടെ ഫോൺ നമ്പർ ഫിനാൻസ് കമ്പനിയിൽ നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും നിതിന്റെ മൊബൈൽ പിടിച്ചു വയ്ക്കുകയും ചെയ്തു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 1.15 ഓടെ യാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നു പുറത്തിറങ്ങിയത്. 1.39 ന് നിതിൻ ജീവനൊടുക്കിയ വിവരവും പുറത്തുവന്നു. 38 ശതമാനം പലിശയ്ക്കാണ് നിതിൻ ഓൺ ലൈൻ വായ്പ എടുത്തതെന്നാണ് വിവരം.
അധ്യാപകർക്കു പുറമെ ഓൺലൈൻ വായ്പാ കമ്പനിയും പ്രതി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. നിതിന്റെയും അധ്യാപികയുടേയും കോൾ റിക്കോർഡുകൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. സീനിയർ വിദ്യാർഥികൾ നിതിനോട് മോശമായി പെരുമാറിയതു സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോ.എം.കെ.റാം, ഡോ. സംഗീത നന്പ്യാർ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരോപണ വിധേയരായ ഈ അധ്യാപകരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിപട്ടികയിലേക്ക് ലോൺആപ്പും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.
- നവാസ് മേത്തർ
