കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതായ പരാതിയിൽ അന്വേഷണം ഊർജിതമാക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരിയായ യുവതി കായംകുളം പോലീസിൽ പരാതി നൽകിയത്. സിനിൽ സബാദ് ഒളിവിലാണന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.
സിനിൽ സബാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്തുവെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെ യുവതിക്കു നേരെ അതിക്രമം കാട്ടിയെന്നാണ് പരാതി. യുവതി ആശുപത്രിയിൽ എത്തിയ സമയത്ത് വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി എഫ് ഐആർ രജിസ്റ്റർ ചെയ്തിരുന്നു.സീനിൽ സബാദിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ നോട്ടീസ് നൽകി വിട്ടയച്ചു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയില്ലന്ന ആരോപണമാണ് പരാതിക്കാരിയായ യുവതി ഉന്നയിക്കുന്നത്.
സംഭവം പുറത്തുപറയരുതെന്നു സീനിൽ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി ആരോപിക്കുന്നു.പോലീസ് വീഴ്ച വരുത്തിയിട്ടില്ലന്നാണ് ജില്ലാ പോലീസ് മേധാവി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏഴുവർഷത്തിൽ താഴെയുള്ള ശിക്ഷയായതിനാൽ പ്രതിക്ക് നോട്ടീസ് നൽകി വിട്ടയച്ചത് നിയമ പ്രകാരമാണെന്നും പോലീസിന് വീഴയുണ്ടായിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് .
