ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷപാതിയും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഓർബന് പരാജയം. തുടർച്ചയായ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര്‍ മഗ്യാര്‍ നേതൃത്വം നല്കുന്ന ടിസാ പാര്‍ട്ടി അട്ടിമറിജയം നേടി. 199 സീറ്റുള്ള പാര്‍ലമെന്റിൽ 138 സീറ്റോടെ വ്യക്തമായ മേധാവിത്വമാണ് ടിസാ പാര്‍ട്ടി നേടിയത്.
പുതിയ സർക്കാർ രൂപവത്കരിക്കാൻ എത്രയും വേഗം പാർലമെന്റ് വിളിച്ചുകൂട്ടാൻ പ്രസിഡന്റിനോട് മഗ്യാർ ആവശ്യപ്പെട്ടു. മേയ് അഞ്ചിനു മുൻപ് പുതിയ സർക്കാർ അധികാരമേൽക്കുമെന്ന് മഗ്യാർ പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് പുടിന്റെയും അടുത്ത ചങ്ങാതിയായ ഓർബനിത് അമ്പരപ്പിക്കുന്ന തിരിച്ചടിയാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തിനുശേഷം ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഇത്തവണയുണ്ടായത്.
വോട്ടെടുപ്പുദിനം വൈകുന്നേരം 6.30 വരെ 77 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സാമ്പത്തിക മുരടിപ്പും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഓർബന്റെ പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പുടിന്റെ അടുത്ത സുഹൃത്തായ ഓർബൻ യുക്രെയ്നുള്ള യൂറോപ്യൻ യൂണിയൻ സഹായങ്ങളെല്ലാം തടസപ്പെടുത്തിയിരുന്നു
