ചാത്തന്നൂർ:കെഎസ്ആർടിസി ജീവനക്കാരുടെയും ഓഫീസർമാരുടെയും ആസ്തി-ബാധ്യത വിവരങ്ങൾ ശേഖരിക്കുന്നു.ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഓഫീസർമാർ, മെക്കാനിക്കുകൾ ഉൾപ്പെടെയുള്ള ജീവനക്കാരും കരാർ ജീവനക്കാരും ആസ്തി-ബാധ്യത വിവരങ്ങൾ നല്കണം. 2024 ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള സ്വത്ത് വിവരങ്ങൾ ജൂലായ് പത്തിന് മുമ്പായി ചീഫ് ഓഫീസിൽ എത്തിച്ചിരിക്കണം.
എല്ലാ പൊതുപ്രവർത്തകരും രണ്ടു വർഷത്തിലൊരിക്കൽ സ്വത്ത് വിവരങ്ങൾ കോംപീറ്റന്റ് അഥോറിറ്റിക്ക് സമർപ്പിക്കണമെന്ന് കേരള ലോക് ആയുക്തയുടെ കഴിഞ്ഞ മാർച്ചിലെ കത്തിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ആർടിസി ജീവനക്കാരുടെ ആസ്തി-ബാധ്യത വിവരങ്ങൾ ശേഖരിക്കുന്നത്. എ,ബി,സി എന്നീ നിശ്ചിത ഫോറങ്ങളിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
ഫോറം എ യിൽ പേരും തസ്തികയും സ്ഥിരം തസ്തികയാണോ കരാർ നിയമനമാണോ തുടങ്ങിയ വിവരങ്ങളും കുടുംബാംഗങ്ങളുടെ വിവരങ്ങളും അവരുമായുള്ള ബന്ധവും പ്രതിമാസവരുമാനം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തണം. ഫോറം ബിയിൽ സ്വർണം തുടങ്ങിയ ആഭരണങ്ങളുടെ വിവരങ്ങൾ, വാഹനങ്ങൾ, ടി വി, എസി, റഫ്രിജറേറ്റർ, വിസി ആർ, ഫർണിച്ചറുകൾ എന്നിവയും, മറ്റ് ബിസിനസുകളുണ്ടെങ്കിൽ ആ വിവരങ്ങൾ, കാലി-കോഴി വളർത്തലുണ്ടെങ്കിൽ ആ വിവരങ്ങൾ, ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലെ ഡിപ്പോസിറ്റുകൾ, ഷെയറുകൾ, സെക്യൂരിറ്റി നിക്ഷേപങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും വ്യക്തമാക്കണം.
ഫോറം സിയിൽ എവിടെയെല്ലാം ഭു സ്വത്തുക്കൾ ഉണ്ട്, ഭൂമിയുടെ സ്വഭാവം, നിലവിലെ മൂല്യം, ഇത് എങ്ങനെ കിട്ടി, ആരിൽ നിന്നും സ്വന്തമാക്കി , വാങ്ങിയതാണോ, ലീസാണോ , മോർട്ട് ഗേജ് ആണോ , സംഭാവനയാണോ, പൈതൃകസ്വത്താണോ തുടങ്ങിയ വിവരങ്ങളും ഭൂമിയിൽ നിന്നുള്ള വാർഷിക വരുമാനവും രേഖപ്പെടുത്തണം.
വീട്, മറ്റ് കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയുടെയും വിശദ വിവരങ്ങൾ വിശദീകരിച്ചിരിക്കണം. യൂണിറ്റ് ഓഫീസർമാരും വർക്ക് ഷോപ്പ് അധികാരികളും ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ ശേഖരിച്ച് കൃത്യമായി ചീഫ് ഓഫീസിലേയ്ക്ക് അയയ്ക്കണമെന്നാണ് നിർദ്ദേശം.
പ്രദീപ് ചാത്തന്നൂർ
