ദുബായ്: ഹോർമുസ് കടലിടുക്കിൽ മൂന്നു ചരക്കുകപ്പലുകൾ ഇറാൻ ആക്രമിച്ചു. രണ്ടെണ്ണം പിടിച്ചെടുത്തു. റവലൂഷണറി ഗാർഡുകളാണ് ആക്രമണം നടത്തിയത്. ഇന്നലെ രാവിലെയാണ് ആദ്യ ആക്രമണമുണ്ടായത്. എംഎസ്സി ഫ്രാൻചെസ്ക, എപ്പാമിനോണ്ടാസ്, യൂഫോറിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഫ്രാൻചെസ്ക, എപ്പാമിനോണ്ടാസ് എന്നീ കപ്പലുകൾ പിടിച്ചെടുത്തു.
ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കന്പനിയായ എംഎസ്സിയുടെ കപ്പലുകളാണിവ. ഇവ ഉൾപ്പെടെ ആറു കപ്പലുകൾ പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഗൾഫിൽ കുടുങ്ങുകയായിരുന്നു. എംഎസ്സിയുടെ മറ്റു നാലു കപ്പലുകൾക്കു നേർക്ക് ആക്രമണമുണ്ടായില്ല.
ലൈബീരിയൻ പതാകയേന്തിയ എപ്പാമിനോണ്ടാസ് യുഎഇയിലെ ജബൽ അലി തുറമുഖത്തുനിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്ന് കപ്പൽ ട്രാക്കിംഗ് ഡേറ്റ വ്യക്തമാക്കുന്നു. ചരക്കുകൾ, രേഖകൾ, മറ്റു വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി പിടിച്ചെടുത്ത കപ്പലുകൾ തീരമേഖലയിലേക്കു മാറ്റിയെന്നാണ് ഇറാൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
റവലൂഷണറി ഗാർഡിന്റെ ഗൺബോട്ടിൽനിന്നാണ് എംഎസ്സി ഫ്രാൻചെസ്ക കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. വെടിവയ്പിനു മുന്പ് മുന്നറിയിപ്പ് നല്കിയില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടർന്നാണ് വെടിവയ്പ് നടത്തിയതെന്നാണ് ഇറാന്റെ നൗർ ന്യൂസ് പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം കപ്പലുകൾക്കു നേർക്ക് മുപ്പതിലേറെ ആക്രമണമുണ്ടായി. ഏതാനും ദിവസം മുന്പ് ഹോർമുസ് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്കു നേർക്ക് ഇറാന്റെ വെടിവയ്പുണ്ടായിരുന്നു. സംഭവത്തിൽ ഇന്ത്യ ഇറാനെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസം ഇറേനിയൻ കപ്പൽ യുഎസ് മറീനുകൾ ആക്രമിച്ചു പിടിച്ചെടുത്തിരുന്നു.
