വടക്കഞ്ചേരി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലണ്ടറുകൾക്കുള്ള ക്ഷാമത്തെത്തുടർന്ന് വിറകു ക്ഷാമവും രൂക്ഷമാക്കുന്നു. നല്ല ചൂടും ഏറെ സമയം കനലും നിലനിൽക്കുന്ന വാളംപുളി (കോൽപുളി) വിറക് കിട്ടാനില്ലാത്ത സ്ഥിതിയായി. പുളി വിറകിനാണ് ആവശ്യക്കാർ കൂടുതലെന്ന് വടക്കഞ്ചേരി ഗവ. ആശുപത്രിക്ക് സമീപം വിറകു കച്ചവടം നടത്തുന്ന രാമകൃഷ്ണൻ പറഞ്ഞു.
ഹോട്ടലുകളിലേക്കാണ് പുളിവിറക് കൂടുതലും കയറ്റിപ്പോകുന്നത്. പുളി വിറക് 10 കിലോയ്ക്ക് ഇപ്പോൾ 80 രൂപയായി. ഗ്യാസ് ക്ഷാമത്തിനു മുമ്പ് ഇത് 60 രൂപയായിരുന്നു. വൈകാതെ തന്നെ വില 100 രൂപയാകും. തൃശൂർ ഭാഗങ്ങളിൽ ഇപ്പോൾ തന്നെ 10 കിലോ വിറകിന് 100 രൂപയായിട്ടുണ്ട്. മറ്റു പാഴ്മര വിറകിനും ഉയർന്ന വിലയാണ്. ഓരോ വർഷവും പുളിമരങ്ങൾ മുറിക്കുന്നതല്ലാതെ എവിടേയും പുളിതൈ നട്ടുവളർത്തുന്ന ശീലമില്ല.
ഇതിനാൽ മലയാളികളുടെ സാമ്പാറിനും പുളിയിഞ്ചി കറിക്കുമുള്ള കോൽപുളി അയൽസംസ്ഥാനങ്ങളിൽനിന്ന് വരണം. ഗ്യാസിന്റെ ലഭ്യത വൈകുന്ന സ്ഥിതി തുടർന്നാൽ കടുത്ത വിറക് ക്ഷാമവും ഉണ്ടാകും. മഴക്കാലത്ത് വിറകുക്ഷാമം അതിരൂക്ഷമാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. വിറകുപൊളിക്കൽ യന്ത്രസംവിധാനത്തോടെയായതിനാൽ വിറകു വില്പനകാർക്കും അത് വലിയ സഹായകമായിട്ടുണ്ട്. മണിക്കൂറിന് 700 രൂപയാണ് വിറകു പൊളിക്കാനുള്ള യന്ത്ര സംവിധാനത്തിനുള്ള ചാർജ്.
