എടത്വ: ഏപ്രില്‍ 28ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലിന് പിന്തുണ അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യധാരാ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് ആഹ്വാനം. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നീതി ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ ഏപ്രില്‍ 28ന് സംസ്ഥാനത്താകമാനം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് പിന്തുണ അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.
സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായുള്ള ശക്തമായ ജനകീയ പ്രതികരണമാണ് ഈ ഹര്‍ത്താല്‍ എന്ന് അദ്ദേഹം പറഞ്ഞു. ദളിത് സമൂഹം ഉയര്‍ത്തുന്ന നീതിയാവശ്യങ്ങള് ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ സമരത്തിന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന പിന്തുണ പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ദളിത് സമൂഹത്തിന് നേരേ സംസ്ഥാനത്താകമാനം നടന്നുവരുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരേ സമൂഹത്തില്‍ നീതി, സമത്വം, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മാനേജ്മെന്റിന്റെയും പോലീസിന്റെയും നിലപാടുകള്‍ ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാ ആരോപണങ്ങള്‍ ശക്തമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും നിയമത്തിന്റെ ആധിപത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഗുരുതര വീഴ്ച സംഭവിച്ച കോളജിന്റെ അഫിലിയേഷന് റദ്ദാക്കണമെന്നും ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സാഹചര്യത്തിൽ, കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സമഗ്ര അന്വേഷണം ഉറപ്പാക്കാന്‍ ഉന്നതതല ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് സമൂഹത്തിന്റെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും നീതി ഉറപ്പാക്കാനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ സംഘടിപ്പിക്കപ്പെടണമെന്നും, ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ സഹകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. അഭ്യര്‍ഥിച്ചു.
