ഭുജ് (ഗുജറാത്ത്): സമുദ്രമാർഗം 384 കോടി രൂപയുടെ ഹെറോയിൻ ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച കേസിൽ ആറ് പാക്കിസ്ഥാൻ സ്വദേശികൾക്ക് ഭുജ് പ്രത്യേക കോടതി 20 വർഷം കഠിനതടവ് വിധിച്ചു. 2021 ഡിസംബറിൽ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.
കറാച്ചി സ്വദേശികളായ മുഹമ്മദ് ഇമ്രാൻ, ഡാനിഷ് മുഹമ്മദ്, സാഗർ മുഹമ്മദ്, ഇസ്മായിൽ ഇബ്രാഹിം, മുഹമ്മദ് സാജിദ്, അഷ്ഫാഖ് മുഹമ്മദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജഖാവു തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെവച്ച് ഇവരുടെ ബോട്ട് തടഞ്ഞ അധികൃതർ 77 കിലോയോളം ഹെറോയിൻ കണ്ടെടുത്തിരുന്നു.
എൻഡിപിഎസ് നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കു തടവുശിക്ഷയ്ക്കു പുറമെ രണ്ടു ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി. വിചാരണ വേളയിൽ 203 രേഖകളും 13 സാക്ഷികളെയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
