ഛത്തർപുർ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വിമർശിച്ചതിന്റെ പേരിൽ ജീവിച്ചിരിക്കുന്ന മൂന്ന് ദളിത് സ്ത്രീകളെ മരിച്ചതായി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ പക വീട്ടൽ. ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ.
തങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെവന്നതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പക പുറത്തുവന്നത്. രമാബായ് റൈക്വാർ, ഗിരിജ വിശ്വകർമ, കല്ലു അഹിർവാർ എന്നിവരെയാണ് പഞ്ചായത്ത് സെക്രട്ടറി മരിച്ചവരായി രേഖപ്പെടുത്തിയത്.
ഇതോടെ മൂന്ന് പേരുടെയും ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യവും നിലച്ചു. കൂടാതെ രമാബായിയുടെയും ഗിരിജയുടെയും വിധവാപെൻഷനും മുടങ്ങി.
പിന്നാലെ മൂവരും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ചന്ദ്രപുര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമർ സിംഗിനെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സസ്പെൻഡ് ചെയ്തു.
