തൃശൂർ: ഒരാണ്ടിന്റെ കാത്തിരിപ്പിനു സമയം കുറിച്ച് തൃശൂർ പൂരത്തിനു സമാപനം. മണിക്കൂറുകളുടെ ഇടവേളകളിൽ പൊലിഞ്ഞവരുടെ ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിച്ച്, വടക്കുന്നാഥന്റെ പടിഞ്ഞാറേനടയിലെ ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്കു 12.34ന് പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 17ന് (1202 മേടം മൂന്ന്) നടത്താൻ നിശ്ചയിച്ചു. ഏപ്രിൽ 11ന് കൊടിയേറ്റവും ഏപ്രിൽ 18ന് പകൽപ്പൂരവും നടക്കും.
ഇന്നലെ രാവിലെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്നു പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്നു തിരുവന്പാടിയും എഴുന്നള്ളി. കൃത്യം 12നു മേളം കലാശിച്ചതോടെ ഇരു ദേവിമാരും ഉപചാരം ചൊല്ലുന്നതിനുള്ള ചടങ്ങുകളിലേക്ക്.
മറ്റാനകൾ മടങ്ങിയതോടെ എറണാകുളം ശിവകുമാർ പാറമേക്കാവ് ഭഗവതിയുടെയും തിരുവന്പാടി ചന്ദ്രശേഖർ തിരുവന്പാടി ഭഗവതിയുടെയും തിടന്പേറ്റിയെത്തി. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിനെ വലംവച്ചെത്തുന്പോഴേക്കും തിരുവന്പാടി ഭഗവതി വടക്കുന്നാഥനെ തൊഴാൻ ക്ഷേത്രത്തിലേക്കു പ്രവേശിച്ചു.
നിലപാടുതറ ചുറ്റി പാറമേക്കാവ് ഭഗവതിയെഴുന്നെള്ളി മൂന്നുവട്ടം ശംഖുവിളി ഉയർന്നതോടെ തിരുവന്പാടി ഭഗവതി മതിൽക്കെട്ടിനുള്ളിൽനിന്നു പുറത്തേക്ക്. അഭിമുഖമായിനിന്ന് മൂന്നുവട്ടം പരസ്പരം വണങ്ങിയതോടെ ആചാരവെടികൾ മുഴങ്ങി.
അടുത്തവർഷം വീണ്ടും കാണാമെന്നു പറയാതെപറഞ്ഞ് പാറമേക്കാവ് ഭഗവതി വടക്കുന്നാഥനെ വണങ്ങാൻ മതിൽക്കെട്ടിനുള്ളിലേക്കും തിരുവന്പാടി ഭഗവതി മണികണ്ഠനാലിനെ വലംവയ്ക്കാനും നീങ്ങിയതിനൊപ്പം മനംനിറഞ്ഞു തട്ടകക്കാരും മടങ്ങി. വൈകിട്ട് നടുവിൽ സ്വാമിയാർ മഠത്തിലെ പടിഞ്ഞാറേച്ചിറ ആറാട്ടുകടവിൽ തിരുവന്പാടി, പാറമേക്കാവ് ഭഗവതിമാർ ആറാട്ട് നടത്തി. തുടർന്നു വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെത്തിയശേഷം ഉത്രം വിളക്കോടെ കൊടിയിറക്കി.
സ്വന്തം ലേഖകൻ
