കോട്ടയം: സംസ്ഥാനത്ത് മില്‍മ പാലിനു വില നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് കര്‍ഷകര്‍ക്കു നേരിയ ആശ്വാസമാകുമെങ്കിലും കാര്യമായ നേട്ടമുണ്ടാകില്ല. കാലിത്തീറ്റ ഉള്‍പ്പെടെ സകല സാധനങ്ങള്‍ക്കും വലിയ തോതില്‍ വില വര്ധിച്ചുനിൽക്കുന്ന സാഹചര്യത്തില്‍ നാലു രൂപയുടെ വര്‍ധന കര്‍ഷകരെ സംബന്ധിച്ചടത്തോളം മെച്ചമാകില്ല. അതിനാല്‍ ഈ വിലവര്‍ധനയിൽ കര്‍ഷകര്‍ തൃപ്തരുമല്ല.
പാല് ലിറ്ററിന് ആറു മുതല്‍ 10 രൂപ വരെ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലു രൂപ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഈ നിര്‍ദേശം മില്‍മ അംഗീകരിക്കുകയായിരുന്നു. ഇതോടെ 56 രൂപയുള്ള ഒരു ലിറ്റര്‍ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി പാലിനു വിലകൂട്ടിയത്. അടിയന്തരമായി വിലകൂട്ടണമെന്ന് കഴിഞ്ഞവര്‍ഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പാലിന്റെ ഗുണനിലവാരം അനുസരിച്ച് 45 മുതല്‍ 52 രൂപവരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നുത്.
കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിനുശേഷം പാലിനു വില വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇതുവരെ വില വര്‍ധിപ്പിച്ചിരുന്നില്ല. ഇതോടെ വിവിധ കോണുകളില്‍നിന്നു ക്ഷീരകര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മില്‍മ യോഗത്തില്‍ എറണാകുളം മേഖല യൂണിയന് ഭാരവാഹികള്‍ വില വര്ധിപ്പാക്കത്തതില് പ്രതിഷേധിച്ചു വാക്കൗട്ടും നടത്തിയിരുന്നു.
പിടിച്ചുനിൽക്കാനാകാതെ ചെറുകിട കര്‍ഷകര്‍
കഴിഞ്ഞ ഏതാനും നാളുകളായി ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത വേനലില്‍ പച്ചപ്പൂല്ല്, ശുദ്ധജലം എന്നിവയുടെ ക്ഷാമം കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കി. കടുത്ത വേനല്‍ക്കാലത്തിനു മുമ്പു വരെ പശുക്കളെ കൂടിനു പുറത്തിറക്കി മേയാന്‍ വിട്ടിരുന്നു.
എന്നാല്‍ വേനല്‍ ചൂടും ഊഷ്ണതരംഗസാധ്യത മുന്നറിയിപ്പും ഉണ്ടായതോടെ എല്ലാ പശുക്കളും കൂടുകളില്‍ തന്നെ കഴിയുകയാണ്. പച്ചപ്പുല്ലിന്റെ അഭാവത്തില്‍ നല്ലൊരു ശതമാനം കര്‍ഷകരും വൈക്കോലും കാലിത്തീറ്റയുമാണ് പശുക്കള്‍ക്കു കൂടുതലായി നൽകുന്നത്. വൈക്കോല്‍ തിന്നാൻ പശുക്കള്‍ മടി കാണിക്കുന്നതും കടുത്ത ചൂടും പാലിന്റെ അളവില്‍ വലിയ കുറവുണ്ടാക്കി.
ഇതോടെ നാള്‍ക്കുനാള്‍ കഴിയുമ്പോള്‍ ക്ഷീരകര്‍ഷകര്‍ പിടിച്ചുനിലക്കാന്‍ സാധിക്കാത്തെ തൊഴില്‍ ഉപേക്ഷിക്കുകയാണ്. പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നുമില്ല. പുതിയ സെന്‍സസ് പ്രകാരം 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്.
പ്രതിസന്ധികള്‍ ഏറെ
അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലിത്തീറ്റ വില, തൊഴിലാളികളുടെ കൂലിയിനത്തില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധന, പുല്ല് കൃഷി ചെയ്യാനുള്ള ഭാരിച്ച ചെലവ്, കാലാവസ്ഥയിലെ മാറ്റം കാരണം തീറ്റ പുല്ലുകള്‍ നശിച്ചു പോകുന്നത്, വെറ്ററിനറി സേവനങ്ങള്‍ക്കുള്ള വലിയ ചെലവ്, കാലിത്തൊഴുത്തിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികളുടെ വില വര്‍ധന തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകര്‍ക്കു തലവേദനയാകുന്നത്.
കഴിഞ്ഞ 22നാണു സ്വകാര്യ കാലിത്തീറ്റയായ കെഎസ് 50 കിലോഗ്രാം ചാക്കിന് 25 രൂപ വില വര്‍ധിപ്പിച്ചത്. കെഎസ് (പുഷ്ടിമ 20 കിലോ) – 550 രൂപ, 50 കിലോഗ്രാം- 1315 രൂപ, കെഎസ് ഡീലക്സ് (50 കിലോഗ്രാം)- 1370 രൂപ, കെഎസ് സുപ്രീം പെല്ലറ്റ്സ് (50 കിലോഗ്രാം) 1540 രൂപ എന്നിങ്ങനെയാണ് വില വര്‍ധിപ്പിച്ചത്. ഗോതമ്പ് തവിട് 50 കിലോഗ്രാം ചാക്കിന് ഒരാഴ്ച മുമ്പു വരെ 1400 രൂപയായിരുന്നതു 1500 രൂപയായി വര്‍ധിച്ചു.
കടലപ്പിണാക്ക് കിലോഗ്രാമിനു 55രൂയായിരുന്നതു 70 രൂപയായും വര്‍ധിച്ചു. ചോളപ്പൊടി, വൈക്കോല്‍, കൈതപ്പോള എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. കൈതപ്പോള എത്തിച്ചാല്‍ അവ ചെറുതായി അരിഞ്ഞു മാത്രമേ പശുക്കള്‍ക്കു നല്കാന് സാധിക്കു. വേനല്‍ കടുത്തതോടെ പശുക്കള്‍ക്കു അകിടു വീക്കം ഉള്‍പ്പെടെ നിരവധി അസുഖങ്ങളും ഉണ്ടാകുന്നുണ്ട്.
