വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ സൈനിക നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി 1.5 ട്രില്യൺ ഡോളറിന്റെ (ഏകദേശം 1.43 ലക്ഷം കോടി) പടുകൂറ്റൻ പ്രതിരോധ ബജറ്റ് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം.ഫെബ്രുവരി 28-ലെ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിനു ശേഷമുണ്ടായ ആഭ്യന്തര വിയോജിപ്പുകളെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് രൂക്ഷമായി വിമർശിച്ചു.
യുദ്ധതന്ത്രങ്ങളെ എതിർക്കുന്ന നിയമസഭാംഗങ്ങളെ ഏറ്റവും വലിയ ശത്രു എന്നാണ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. നിലവിൽ വെടിക്കോപ്പുകൾക്കായി മാത്രം 25 ബില്യൺ ഡോളർ ചിലവായതായാണ് കണക്കുകൾ.അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കഴിഞ്ഞദിവസം 90 മിനിറ്റോളം ഫോണിലൂടെ നീണ്ട ചർച്ച നടത്തി. യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങളും വെടിനിർത്തൽ സാധ്യതകളുമാണു പ്രധാനമായും ചർച്ചയായത്.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈകാര്യം ചെയ്യാൻ സഹായിക്കാമെന്ന് പുടിൻ അറിയിച്ചതായി ട്രംപ് പറഞ്ഞു. എന്നാൽ, ഈ സഹായത്തിന് മുൻപ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ട്രംപ് പുടിനോടു വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിലവിൽ അനിശ്ചിതത്വത്തിലാണ്. ചർച്ചകൾ ഏറെ മുന്നോട്ടുപോയെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാനെതിരെയുള്ള ട്രംപിന്റെ സോഷ്യൽ മീഡിയ മുന്നറിയിപ്പുകൾ ഇതിനു വിരുദ്ധമാണ്. പരിഷ്കരിച്ച സമാധാന നിർദേശം വരും ദിവസങ്ങളിൽ ഇറാൻ പാക്കിസ്ഥാന് കൈമാറുമെന്നാണ് സൂചന.
ഇറാൻ തുറമുഖങ്ങളിലും ഹോർമുസ് കടലിടുക്കിലും യുഎസ് ഏർപ്പെടുത്തിയ ഉപരോധം തുടരുകയാണ്. ഇത് ലോകത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ട്. യുഎസ് സൈന്യം കൂടുതൽ അടുത്തേക്ക് നീങ്ങിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്.
യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ലെബനനിൽ ബോംബാക്രമണം തുടരുകയാണ്. സുരക്ഷാ കാരണങ്ങളാലാണ് ആക്രമണമെന്നും ലെബനന്റെ ഭൂമി പിടിച്ചെടുക്കാൻ ഉദേശമില്ലെന്നുമാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്.
