ഒറ്റപ്പെട്ട അവസ്ഥയിലാണ് ഞാൻ. അമ്മയുടെ മരണത്തോടെ സന്തോഷം എല്ലാം നഷ്ടമായി. എനിക്ക് ഒരു വീടുണ്ട്. അത് നോക്കാൻ ഞാൻ മാത്രമേയുള്ളു. എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തീരുമാനിച്ചു. അതുകൊണ്ട് ആരും ഇല്ല. എന്റെ ജീവിതവും സന്തോഷവുമെല്ലാം ഇപ്പോൾ സിനിമ മാത്രമാണ്. എനിക്ക് സർവസ്വവും അമ്മയായിരുന്നു.
തൊണ്ണൂറ്റി ഏഴാം വയസിൽ അമ്മ മരിച്ചു. അതോടെ ഞാൻ ഒറ്റപ്പെട്ടു. ഇപ്പോൾ ജീവിക്കുന്നു അത്രമാത്രം. അമ്മ ഒരാൾ ഒപ്പമുണ്ടെങ്കിൽ നമുക്കൊപ്പം എല്ലാവരും ഉള്ളതുപോലെ തോന്നും. ഇപ്പോഴും ആൾക്കാരുണ്ട്. പക്ഷെ മനസിൽ ഞാൻ ഒറ്റപ്പെട്ടത് പോലെയാണ്. എനിക്കിപ്പോൾ ഒരു സന്തോഷവുമില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയ്ക്കുള്ള സ്ഥലം ഞാൻ ഒഴിച്ചിടും. എന്റെ അടുത്ത് വന്ന് കിടന്നോളാൻ പറയും. രണ്ട് മക്കളേയും ഭർത്താവിനേയും എനിക്ക് നഷ്ടപ്പെട്ടു.
അതെല്ലാം വിധിയാണ്. പക്ഷെ അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ആരുടേയും മുന്നിൽ കരഞ്ഞ് കാണിക്കണമെന്ന് എനിക്കില്ല. പക്ഷെ അമ്മയുടെ കാര്യം പറയുമ്പോൾ സങ്കടം അടക്കിപ്പിടിക്കാൻ കഴിയുന്നില്ല. എന്റെ അവസ്ഥയൊന്നും ഞാൻ ആരോടും പൊതുവെ പറയാറില്ല. പട്ടിണിയാണെങ്കിലും മുണ്ട് മുറുക്കി ഉടുത്തശേഷം ബിരിയാണി കഴിച്ചുവെന്ന് മാത്രമേ പറയാറുള്ളു.
സിനിമാ ത്തിരക്കുകളും മറ്റും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് വട്ട് പിടിക്കാത്തത്. ആരുമില്ലല്ലോ എനിക്ക് ഇനി… ആരാണ് ഉള്ളത്?. അമ്മയുള്ളപ്പോൾ അമ്മയിലൂടെയാണ് ഞാൻ എല്ലാം കണ്ടിരുന്നത്. ഇവിടെ ഇപ്പോൾ എല്ലാവരുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ ഞാൻ ഒറ്റപ്പെടില്ലേ. മക്കളെ നഷ്ടപ്പെട്ടപ്പോൾ ഞാൻ കരുതി ഇനി എന്നെ ആരും അമ്മയെന്ന് വിളിക്കില്ലെന്ന്.
പക്ഷെ ഇപ്പോൾ ഞാൻ ലോകം മുഴുവൻ അമ്മയാണ്. ഒരുപാട് മക്കൾ എനിക്കുണ്ട്. ആരുടേയും മുന്നിൽ കൈ നീട്ടാതെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ ഇന്ന് രാത്രി പോയി കിടന്നാൽ നാളെ രാവിലെ എഴുന്നേൽക്കരുത് എന്നാണ് എന്റെ പ്രാർഥന. ഒറ്റപ്പെട്ടാൽ പിന്നെ മരണമാണ് നല്ലത്. -കുളപ്പുള്ളി ലീല
