തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചകള്‍ക്കായി എഐസിസി നീരീക്ഷകര്‍ ഇന്ന് കേരളത്തിലെത്തും. എംഎല്‍എമാരോടും എംപിമാരോടും നിരീക്ഷകര്‍ അഭിപ്രായം തേടും. ഓരോരുത്തരെയും ഒറ്റയ്ക്കു കണ്ടാണ് മുഖ്യമന്ത്രിആരാകണമെന്ന് അഭിപ്രായം തേടുന്നത്.
കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍നിന്നും എംപി മാരില്നിന്നുമാണ് അഭിപ്രായം തേടുന്നത്. അതിനുശേഷം ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളായി മുകുള്‍ വാസ്നിക്കും അജയ് മാക്കനുമാണ് കേരളത്തിലെത്തുന്നത്.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി നേതാക്കളും അനുകൂലികളും അണിയറയില്‍ പല വിധത്തിലുള്ള ചരട്വലികളും നടത്തുകയാണ്. ഘടകകക്ഷി നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് വി.ഡി. സതീശന് പക്ഷം മുന്നോട്ട് പോകുന്നത്.
കുടുതല്‍ എംഎല്‍എ മാരുടെ പിന്തുണ അവകാശപ്പെട്ടാണ് കെ.സി. വേണുഗോപാല്‍ പക്ഷം നീങ്ങുന്നത്. സീനിയോറിറ്റിയും അനുഭവപരിചയവും മുന്നോട്ട് വച്ചാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം.
അതേ സമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപദത്തില്‍ നേതാക്കള്‍ തമ്മിലുള്ള അവകാശവാദങ്ങളില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
