ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, കാണികൾക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓപ്പൺഹൈമർ’ എന്ന ചിത്രത്തിനുശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയുടെ പുതിയ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ നോളന്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്. താൻ അടുത്തിടെ കണ്ട ഒരു സിനിമയെ കുറിച്ചാണ് നോളൻ പറയുന്നത്. ‘ദി ഡെവിൾ വെയേഴ്സ് പ്രാഡ 2’, ഇതാണ് ആ സിനിമ. ‘ദി ഡെവിൾ വെയേഴ്സ് പ്രാഡ 2’ കണ്ടെന്നും ഏറെ ഇഷ്ടമായെന്നുമാണ് നോളൻ പറഞ്ഞത്.
ക്രിസ്റ്റഫർ നോളൻ തന്റെ പ്രൊജക്റ്റായ ദി ഒഡീസിയിൽ ആനി ഹാത്ത്വേയുമായി വീണ്ടും ഒന്നിക്കുന്നുണ്ട്. ഇതേ കുറിച്ച് സംസാരിച്ചപ്പോഴാണ് ദി ഡെവിൾ വെയേഴ്സ് പ്രാഡ 2വിനെ കുറിച്ചും അദ്ദേഹം പറഞ്ഞത്. “ഇന്നലെ രാത്രി ഞാൻ സിനിമ കണ്ടു. അത് അതിശയകരമായിരുന്നു. ആനി ഹാത്ത്വേ അതിശയിപ്പിച്ചു. എമിലി ബ്ലണ്ടും അങ്ങനെ തന്നെ. അതിശയകരമായിരുന്നു” അദ്ദേഹം പറഞ്ഞു.
ചിത്രത്തെക്കുറിച്ച് നോളൻ സംസാരിക്കുന്നതിന്റെ ക്ലിപ്പ് വളരെ വേഗം തന്നെ വൈറലായി.2026 മെയ് 1ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദി ഡെവിൾ വെയേഴ്സ് പ്രാഡ 2, 2006ലെ ദി ഡെവിൾ വെയേഴ്സ് പ്രാഡയുടെ തുടർച്ചയാണ്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആനി ഹാത്ത്വേ ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. മെറിൽ സ്ട്രീപ്പ്, എമിലി ബ്ലണ്ട്, സ്റ്റാൻലി ടുച്ചി, ട്രേസി തോംസ്, ടിബോർ ഫെൽഡ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ അഭിനേതാക്കൾ രണ്ടാം ഭാഗത്തുമുണ്ട്.
