തൊടുപുഴ: ഇടുക്കി ജില്ല രൂപീകരിച്ചതിനുശേഷം ഇതുവരെ കോണ്‍ഗ്രസിന് മന്ത്രിയില്ലാത്ത ജില്ലയെന്ന പേരുദോഷം ഇത്തണ മാറുമെന്ന പ്രതീക്ഷയാണുള്ളത്. 1972-ലാണ് ഇടുക്കി ജില്ല രൂപീകൃതമായത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിപദവി മാത്രം ഇവിടേക്ക് എത്തിയില്ല.
മൂന്നര പതിറ്റാണ്ടിനു ശേഷമാണ് ജില്ലയില്‍ മത്സരിച്ച നാലു സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത്. 2001ല്‍ മൂന്നുപേര്‍ വിജയിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ പോലും ജില്ലയില്‍നിന്ന് ഒരു പ്രതിനിധിയെപ്പോലും നിയമസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കുന്ന ദയനീയ സ്ഥിതിയായിരുന്നു. ഈ അവസ്ഥയില്‍നിന്നാണ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ഇത്തവണ നാലുപേര്‍ നിയമസഭയിലെത്തിയത്. മന്ത്രിസഭയില്‍ ജില്ലയില്‍നിന്നു പ്രാതിനിധ്യമുണ്ടായാല്‍ ഇടുക്കിയില്‍നിന്നു വിജയിച്ച റോയി കെ. പൗലോസിന് നറുക്കുവീഴാനാണ് സാധ്യത.
ഭൂപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം, പട്ടയവിതരണം തുടങ്ങി നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ജില്ലയിലുള്ളതിനാല്‍ ഇവിടെനിന്നു മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജില്ലയില്‍ കേരള കോണ്‍ഗ്രസില്‍നിന്ന് പി.ജെ. ജോസഫും സിപിഎമ്മില്‍നിന്ന് എം.എം. മണിയും കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്ന് റോഷി അഗസ്റ്റിനുമാണ് ഇതുവരെ ജില്ലയില്‍നിന്നും മന്ത്രിമാരായത്.
മറ്റു കക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം ലഭിച്ചിട്ടും കോണ്‍ഗ്രസിന് ഇതുവരെ ഈ പദവി നേടാനാകാതെ പോയത് ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന വിശ്വാസമാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്.
