ന്യൂഡൽഹി: രാജ്യത്തിന്റെ സൈനികതലപ്പത്ത് നിർണായക നിയമനങ്ങളുമായി കേന്ദ്രസർക്കാർ. പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. ഇന്നു രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങിയത്.
നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ വിരമിക്കുന്ന ഒഴിവിലേക്ക് 30-ന് ആണ് രാജ സുബ്രഹ്മണി ചുമതലയേൽക്കുക. കരസേനാ വൈസ് ചീഫ് പദവിയിൽനിന്നു വിരമിച്ച അദ്ദേഹം നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു വരികയാണ്.
39 വർഷംനീണ്ട സൈനികജീവിത പരിചയമുള്ള രാജ സുബ്രഹ്മണി 1985-ലാണ് ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്തത്. ലഖ്നൗ ആസ്ഥാനമായുള്ള സെൻട്രൽ ആർമി കമാൻഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ സൈനിക വിന്യാസത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിനുള്ള അഗാധമായ അറിവ് പ്രതിരോധ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ നിർണായകമാകും. കിംഗ്സ് കോളജ് ലണ്ടൻ, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ബിരുദധാരി കൂടിയാണ് അദ്ദേഹം.
അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി വിരമിക്കുന്നതിനെത്തുടർന്ന് 31-ന് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ നാവികസേനാ മേധാവിയായി ചുമതലയേൽക്കും. നിലവിൽ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാൻഡിന്റെ തലവനാണ് അദ്ദേഹം.
1987-ൽ നാവികസേനയിൽ ചേർന്ന സ്വാമിനാഥൻ കമ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയറിൽ വിദഗ്ധനാണ്. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് മൈസൂർ തുടങ്ങി നാവികസേനയുടെ കരുത്തുറ്റ കപ്പലുകളുടെ കമാൻഡറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാവികസേനയിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്ന “ഇന്ത്യൻ നേവൽ സേഫ്റ്റി ടീം’ രൂപീകരിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.
കര, നാവിക, വ്യോമ സേനകളെ ഏകോപിപ്പിച്ച് നിർണായക പരിഷ്കാരങ്ങൾ പ്രതിരോധ മന്ത്രാലയം നടപ്പാക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനങ്ങൾ.
