കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ്കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് പിടിയിലായത്.
ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 BX 0364) വാഹനത്തിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
