കോട്ടയം: ജില്ലയിൽ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. വോട്ടെടുപ്പിനായി കേരളത്തില്‍നിന്ന് സ്വദേശത്തേക്കു പോയ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുവരാത്ത സാഹചര്യത്തിലാണ് ജില്ലയിലുടനീളം തൊഴിലാളിക്ഷാമം.
കെട്ടിടനിര്‍മാണ മേഖല, പ്ലൈവുഡ്, തടിമില്ല്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യ-മാംസ കടകള്‍, ക്വാറികള്‍, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ ജില്ലയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 12,000 തൊഴിലാളികളാണ് തിരിച്ചെത്താനുള്ളത്.
ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികൾ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് മടങ്ങിയത്. എസ്ഐആര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെന്നും പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഒന്നടങ്കം നാട്ടിലേക്ക് പോയത്.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും പൂര്‍ത്തിയാക്കി പുതിയ സര്‍ക്കാര്‍ ബംഗാളില്‍ ഉള്‍പ്പെടെ അധികാരത്തില്‍ എത്തിയെങ്കിലും ജില്ലയില്‍നിന്ന് സ്വദേശത്തേക്കു മടങ്ങിയ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല. ഇതോടെ വിവിധ മേഖലകളില്‍ ഇതര സംസ്ഥാനക്കാരെ ആശ്രയിച്ചിരുന്നവരുടെ ജീവിതവും നിര്‍മാണ, തൊഴില്‍ മേഖലകളും വഴിമുട്ടിയിരിക്കുകയാണ്.
പ്രതിസന്ധിയിലായി ഹോട്ടലുകളും
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നതു നിര്‍മാണമേഖലയിലാണ്. തൊഴിലാളികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വീടുകളും കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലുതും ചെറുതുമായ നിര്മാണമേഖലകളെ ഒരുപോലെ ബാധിക്കുന്നുണ്ട്.
വീടുകളുടെ നിര്‍മാണത്തിലെ കാലതാമസം കരാറുകാരും വീട്ടുടമസ്ഥരും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്.മലയാളികളായ ജോലിക്കാരെ ആവശ്യത്തിനു കിട്ടാനില്ല. ഇതരസംസ്ഥാനക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ ഒന്നോ രണ്ടോ പേര് ജോലിക്കില്ലെങ്കിലും മറ്റിടങ്ങളില്‍നിന്നു ജോലിക്കാരെ എത്തിച്ചു കോണ്‍ട്രാക്ടര്‍മാര്‍ പ്രതിസന്ധി പരിഹരിച്ചിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം താളംതെറ്റി. പല കോണ്ട്രാക്ടര്മാരും തൊഴിലാളികളില്ലാത്തതിനാല്‍ പുതിയ നിര്‍മാണകരാറുകള്‍ ഏറ്റെടുത്തിട്ടില്ല.
ജില്ലയിലെ ചെറുകിട ഹോട്ടലുകളില്‍ പോലും മിനിമം മൂന്ന് ഇതര സംസ്ഥാനക്കാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. വന്‍കിട ഹോട്ടലുകളില്‍ പാചകക്കാരുടെ റോളിലും ഇതര തൊഴിലാളികളുണ്ട്. പാചകവാതക ക്ഷാമത്തിനു വിലവര്‍ധനവിലും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഹോട്ടല്‍ മേഖലയ്ക്കു കടുത്ത തിരിച്ചടിയാണ് തൊഴിലാളിക്ഷാമം. ജില്ലയില്‍ മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതലും ജോലി ചെയ്യുന്നത് ഇതര സംസ്ഥാനക്കാരാണ്.
ട്രെയിനുകളില്‍ റിസര്‍വേഷന്‍ കിട്ടുന്നില്ല
ട്രെയിനുകളില്‍ റിസര്‍വേഷന്‍ ലഭിക്കുന്നില്ലെന്നാണ് ഫോണില്‍ വിളിക്കുമ്പോള്‍ തൊഴിലാളികള്‍ പറയുന്നത്. ഈ മാസം 27ന് ബക്രീദ് ആഘോഷംകൂടി കഴിഞ്ഞിട്ടു വരാമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ചോളം, ഗോതമ്പ് വിളവെടുപ്പു കഴിഞ്ഞിട്ടേ മടങ്ങാനാകൂവെന്നാണ് മറ്റു ചില തൊഴിലാളികള്‍ പറയുന്നത്. കേരളത്തില്‍ ജൂണ്‍ ആദ്യവാരം മണ്‍സൂണ്‍ മഴ ആരംഭിച്ചാല്‍ ജോലി തടസം നേരിടുമെന്നതും ഇതരസംസ്ഥാന തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിര്‍മാണ സാമഗ്രികളായ കമ്പിയുടെ യും ടാറിന്റെയും വയറിംഗ് സാധനങ്ങളുടേയും വില വര്‍ധിച്ചത് പ്രതിസന്ധിയായ സാഹചര്യത്തില്‍ തൊഴിലാളികളുടെ ലഭ്യതക്കുറവും നിര്‍മാണ മേഖലയ്ക്ക് കനത്ത ആഘാതമായി.
വിമാന ടിക്കറ്റും വേതന വര്‍ധനയും വാഗ്ദാനം ചെയ്തിട്ടും
തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനായി തൊഴിലുടമകള്‍ സൗജന്യ വിമാന ടിക്കറ്റുകളും വേതനവര്‍ധനയും വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികൾ തിരികെ വരാന്‍ മടിക്കുകയാണെന്നും ഉടമകള്‍ പറയുന്നു.അവിടങ്ങളിലെ പുതിയ സര്‍ക്കാര്‍ തൊഴിലും ഉയര്‍ന്ന വേതനവും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനം വിട്ടാല്‍ പുതുതായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലുണ്ട്. ഈ തൊഴിലാളികളില്‍ പലരും വര്‍ഷങ്ങളായി കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാണ്. ഈ സമയത്ത് അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു.
അതുകൊണ്ടു തന്നെ തൊഴിലാളികള്‍ക്ക് ഉടന്‍തന്നെ മടങ്ങിവരാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.
ഇതിനു പുറമെ കുറച്ചു തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയിരുന്നു. എന്നാല്‍ ബംഗാളി തൊഴിലാളികള്‍ വോട്ടെടുപ്പിനുശേഷമുള്ള അക്രമവാര്ത്തകള് അറിഞ്ഞതിനെത്തുടര്‍ന്ന് യാത്ര പകുതിയില്‍ നിര്‍ത്തി നാട്ടിലേക്ക് തിരികെ മടങ്ങിയതായും പറയപ്പെടുന്നു. ഇവര്‍ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി തിരിച്ചുപോയതിനാല്‍ കേരളത്തിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകിയേക്കും.
