ബീജിംഗ്: സമാധാന കരാറിനു തയാറാകണമെന്നും അല്ലെങ്കിൽ സർവനാശം സംഭവിക്കുമെന്നും ഇറാനു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള സുപ്രധാന കൂടിക്കാഴ്ചകൾക്കു ശേഷം ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇറാന്റെ പതനം പൂർണമായെന്നും ആ രാജ്യത്തിനു മുന്നിൽ മറ്റു വഴികളില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ ഖാർഗ് ഐലൻഡ് മിനിറ്റുകൾക്കുള്ളിൽ തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയെ ഇതിനകം തകർത്തുകഴിഞ്ഞു. വ്യോമസേനയും വിമാനവിരുദ്ധ സംവിധാനങ്ങളും ഒരു ദിവസത്തിനുള്ളിൽ ഇല്ലാതാക്കാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനുമായി കരാറിലെത്താൻ ഷി ജിൻപിംഗും ആഗ്രഹിക്കുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിനോട് ചൈനയ്ക്കും താത്പര്യമില്ല. ഇറാനു സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി ജിൻപിംഗ് ഉറപ്പുനൽകിയതായും ട്രംപ് വെളിപ്പെടുത്തി.
ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്കിടെ 200 ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ ചൈന താത്പര്യമറിയിച്ചിട്ടുണ്ട്. ടെക്സസ്, അലാസ്ക എന്നിവിടങ്ങളിൽനിന്ന് ചൈനീസ് കപ്പലുകൾ വഴി എണ്ണ വാങ്ങാനും അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും ധാരണയായിട്ടുണ്ട്. തന്റെ ചൈനീസ് സന്ദർശനം വൻ വിജയമാണെന്നും ഷി ജിൻപിംഗുമായുള്ള വ്യക്തിബന്ധം മികച്ചതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇലോൺ മസ്ക്, ടിം കുക്ക് തുടങ്ങിയ പ്രമുഖ വ്യവസായികളും ട്രംപിനൊപ്പമുണ്ടായിരുന്നു.
