തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാലു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും നൽകാമെന്ന് ലീഗുമായി ചർച്ച നടത്തിയെങ്കിലും അതിന് വഴങ്ങാൻ ലീഗ് തയാറായിട്ടില്ല. മുൻപ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ സുപ്രധാനമായിട്ടുള്ള വകുപ്പ് വേണമെന്ന് നിർദേശമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് വേണമെന്ന് നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. തുറമുഖ വകുപ്പ് വേണമെന്ന് നിർദേശമാണ് സിഎംപിയിലെ സി.പി. ജോൺ മുന്നോട്ടുവച്ചിരിക്കുന്നത്. ആർഎസ്പിയും സമാനമായിട്ടുള്ള ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
സുപ്രധാന വകുപ്പ് വേണമെന്ന നിർദേശമാണ് ആർഎസ്പി ഉള്ളത്. തൊഴിൽ വകുപ്പിനു പകരം ജലസേചന വകുപ്പ് വേണം എന്നുള്ള അഭിപ്രായമാണ് ആർഎസ്പി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിപദം ലഭിക്കാത്തതിന്റെ പേരിൽ അസംതൃപ്തനായി നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകുന്നതു സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല.
അർഹമായ പരിഗണന ലഭിക്കാതെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നുള്ള ഉറച്ച നിലപാടാണ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ധനകാര്യവകുപ്പ് നൽകി ധനകാര്യവകുപ്പ് നൽകി ഉപമുഖ്യമന്ത്രിപദം കൊടുക്കാം എന്നുള്ള നിർദേശത്തിനു രമേശ് ക്യാമ്പ് വഴങ്ങിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമല്ലാതെ വരുന്നത് പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കും.
കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിമാർ ആകണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സാമുദായിക സമവാക്യവും ജില്ലകളുടെ പ്രാതിനിധ്യവും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനഘടകമാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. എഐസിസി ജന. സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തിനകം മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച,് വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആഭ്യന്തരമന്ത്രി സ്ഥാനം നൽകി രമേശിനെ മന്ത്രിസഭയിൽ കൂടെ കൂട്ടണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ അഭിപ്രായം
