കൊച്ചി: ഇടത്, വലത് മുന്നണികള്‍ക്കൊപ്പം ചാഞ്ചാടി നിന്ന അങ്കമാലി മണ്ഡലത്തെ തുടർച്ചയായി മൂന്നു ടേമുകളിൽ ജയിച്ച് യുഡിഎഫിന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ കോണ്‍ഗ്രസിന്റെ പ്രസന്നമുഖമായ റോജി എം.ജോണിന് ലഭിച്ച അര്‍ഹതപ്പെട്ട അംഗീകാരമാണു മന്ത്രിസഭയിലെ അംഗത്വം.
വകുപ്പുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി നല്കിയ അംഗീകാരത്തില്‍ സന്തുഷ്ടനാണ് ഈ യുവതുർക്കി. അങ്കമാലി മണ്ഡലത്തിൽനിന്നു ജയിച്ച് മന്ത്രിയാകുന്ന ആദ്യ കോൺഗ്രസുകാരനാണു റോജി. എൽഡിഎഫിലെ ജോസ് തെറ്റയിലാണ് ഇതിനുമുമ്പ് മന്ത്രിസഭയിൽ സ്ഥാനംപിടിച്ച അങ്കമാലിയിൽനിന്നുള്ള പ്രതിനിധി.
എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായിരുന്ന അങ്കമാലിയില്‍ കന്നിയങ്കത്തില്‍ തന്നെ ജയിച്ചുവന്ന റോജിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം ഉയര്‍ത്തി.
2016ല്‍ അങ്കമാലിയിൽ ജെഡിഎസിലെ ബെന്നി മൂഞ്ഞേലിയെ 9816 വോട്ടിനു പരാജയപ്പെടുത്തിയാണ് റോജി ആദ്യമായി നിയമസഭയിലെത്തുന്നത്. 2021ല്‍ ജെഡിഎസിലെതന്നെ മുൻമന്ത്രി ജോസ് തെറ്റയിലിനെ 15,929 വോട്ടിന് പരാജയപ്പെടുത്തി. ഇത്തവണ സിപിഎം നേരിട്ടു മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 37,008 ആയി ഉയര്‍ത്തി വന്‍ വിജയം നേടി. സാജു പോളാണ് ഇത്തവണ റോജിയോട് പരാജയം ഏറ്റുവാങ്ങിയത്.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ റോജി എന്എസ്യുഐ ദേശീയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 2001ല്‍ തേവര കോളജ് യൂണിയന് ചെയര്മാന്, ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്ത് 2005 ല്‍ എന്എസ്യുഐ കൗണ്‍സിലര്‍, 2006 ല്‍ എന്എസ്യുഐ സെക്രട്ടറി, 2011 ല്‍ എന്എസ്യുഐ വൈസ് പ്രസിഡന്റ്, 201-19 കാലത്ത് എന്എസ്യുഐ ദേശീയ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ എം.വി. ജോണിന്റെയും എല്‍സമ്മയുടെയും മകനായി 1982 മേയ് 20നാണ് റോജിയുടെ ജനനം. കണ്ണൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എസ്എച്ച് കോളജ് തേവര, ജെഎന്‍യു ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു തുടര്‍പഠനം. എംഎഎംഫില് ആണ് വിദ്യാഭ്യാസ യോഗ്യത. റോജി എം.ജോണ്‍ അടുത്തിടെയാണു വിവാഹിതനായത്. ഭാര്യ: ലിപ്സി.
