തിരുവനന്തപുരം: മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ചതോടെ കൂടുതല്‍ കരുത്തനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രിയ ലീഡര്‍ കെ.കരുണാകരന്റെ മകന് കെ. മുരളീധരന്. ഒരിക്കല്‍ കൈവിട്ടുപോയ വട്ടിയൂര്‍ക്കാവ് മണ്ഡലം തിരികെ പിടിച്ചാണ് മന്ത്രിസഭിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. വട്ടിയൂര്‍ക്കാവ് മണ്ഡല രൂപീകരണം മുതല്‍ രണ്ടു തവണ വിജയക്കൊടി പാറിച്ച കെ. മുരളീധരന് ഒരിടവേളയ്ക്കു ശേഷമാണ് എത്തുന്നത് എന്നതും ശ്രദ്ധേയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട മുരളീധരന് ഇത് ശക്തമായ രാഷ്ട്രീയ തിരിച്ചുവരവ് കൂടിയാണ്.
കെ. മുരളീധരന് ഇത് വട്ടിയൂര്‍ക്കാവിലെ മൂന്നാം ജയമാണ്. കോണ്‍ഗ്രസ് കുത്തകയാക്കിയിരുന്ന മണ്ഡലം സിപിഎം പക്ഷത്തെത്തിച്ച സിപിഎമ്മിന്റെ വി.കെ. പ്രശാന്തിനെയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ശ്രീലേഖയേയും മുട്ടുകുത്തിച്ചാണ് മുരളീധരന് തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. വോട്ടെണ്ണല്‍ നടന്നപ്പോള്‍ ആദ്യ ആറു റൗണ്ടുകളില്‍ ലീഡ് നേടിയ കെ. മുരളീധരന് പേരൂര്‍ക്കട, നെട്ടയം മേഖലകള്‍ എണ്ണിയപ്പോള്‍ വി.കെ.പ്രശാന്തിനു പിന്നിലായിരുന്നു. എന്നാല്‍ 13-ാം റൗണ്ടിന്റെ പകുതി മുതല്‍ ലീഡ് തിരികെ പിടിക്കുകയായിരുന്നു.
എ.കെ. ആന്റണി മന്ത്രിസഭയില്‍ കുറച്ചുകാലം മന്ത്രിയായെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. സേവാദള്‍ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ കെ.മുരളീധരന് 2001 മുതല്‍ 2004 വരെ കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989ല്‍ ഇ.കെ. ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തിയാണ് മുരളീധരന് ലോക്സഭയിലേക്ക് ആദ്യമായി വിജയിച്ചത്. പിന്നീട് മൂന്നു തവണ കൂടി എംപിയായി. ഭാര്യ: ജ്യോതി മുരളീധരന്. മക്കള്‍: അരുണ്‍ നാരായണന്, ശബരീനാഥ്.
