കോഴിക്കോട്: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ. മഞ്ജിമ എന്ന യുവതിയെയാണ് പൊന്നാനിയിൽനിന്ന് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് ഇവർ പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സിന്ധു, അലീന എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്.
വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും.
അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
