വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതോടെ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ. ഇറാന്റെ നിർദേശങ്ങൾ തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ തത്കാലം നിർത്തിവച്ചിരിക്കുന്നതെന്നും എന്നാൽ അന്തിമ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പൂർണതോതിലുള്ള ആക്രമണത്തിന് തയാറായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ചർച്ചകൾ നടക്കുന്ന കാലയളവിൽ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ ഒഴിവാക്കാൻ അമേരിക്ക സമ്മതിച്ചതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സമാധാന കരാറിലെത്തുന്നതിനും ഇറാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്നാണിത്.
എന്നാൽ, അന്തിമ കരാറിലെത്തും വരെ ഇത്തരമൊരു ഇളവ് നൽകുന്ന കാര്യത്തിൽ അമേരിക്കൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാൻ പരിഷ്കരിച്ച പുതിയൊരു നിർദേശം പാക്കിസ്ഥാൻ വഴി വാഷിംഗ്ടണിന് കൈമാറിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകൾ പാക്കിസ്ഥാൻ മുഖേന അമേരിക്കയെ അറിയിച്ചതായി ഇറാൻ വിദേശകാര്യ വക്താവ് ബഗായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും ചർച്ചകളിൽ നിരന്തരം നിലപാടുകൾ മാറ്റുകയാണെന്നും പ്രശ്നപരിഹാരത്തിനായി ഇനി അധികം സമയമില്ലെന്നും പാക്കിസ്ഥാൻ നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ഈമാസം 11 നും 17 നും ഇടയിൽ 55 ചരക്കുകപ്പലുകളാണ് തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോയത്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ വെറും 19 കപ്പലുകൾക്കു മാത്രമായിരുന്നു ഹോർമുസിലൂടെ സഞ്ചരിക്കാൻ അനുമതി ലഭിച്ചത്.
