അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഒരാൾ തന്റെ പഴയ പാന്റിന്റെ പോക്കറ്റിൽ നിന്ന് 57 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് കണ്ടെത്തി. കാലാവധി തീരാൻ വെറും 8 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ലോട്ടറി ടിക്കറ്റ് കണ്ടെത്തിയത്.
യുഎസിലെ ന്യൂജേഴ്സിയിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. പിക്ക്-6 എന്ന ലോട്ടറി ഗെയിമിലാണ് ഇദ്ദേഹത്തിന് ജാക്ക്പോട്ട് അടിച്ചത്. 5.9 മില്യൺ യു.എസ് ഡോളർ (ഏകദേശം 57.11 കോടി ഇന്ത്യൻ രൂപയാണ് സമ്മാത്തുക.
ഇദ്ദേഹം മുൻവർഷം മെയ് മാസത്തിലാണ് ഈ ലോട്ടറി ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വാങ്ങിയ ശേഷം ഇദ്ദേഹം ഇത് എവിടെയോ വെച്ച് മറന്നുപോവുകയായിരുന്നു. കഴിഞ്ഞ മാസം ലോട്ടറി അധികൃതർ വലിയൊരു ജാക്ക്പോട്ട് സമ്മാനം ഇതുവരെ ആരും കൈപ്പറ്റിയിട്ടില്ലെന്നും അതിന്റെ കാലാവധി ഉടൻ അവസാനിക്കുമെന്നും പത്രങ്ങളിൽ പരസ്യം നൽകി. താൻ സാധാരണ പോകാറുള്ള ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയതെന്ന് അറിഞ്ഞതോടെ ഇദ്ദേഹത്തിന് സംശയമായി.
തുടർന്ന് ഇദ്ദേഹം വീട്ടിലെ അലമാരകളും പഴയ വസ്ത്രങ്ങളും തിരയാൻ തുടങ്ങി. ഒടുവിൽ തന്റെ വാർഡ്രോബിൽ കിടന്ന ഒരു പഴയ പാന്റിന്റെ പോക്കറ്റിൽ നിന്ന് ചുരുട്ടിയ കൂട്ടിയ നിലയിൽ ഈ ടിക്കറ്റ് കണ്ടെത്തുകയായിരുന്നു.ലോട്ടറി നമ്പറുകൾ ഒത്തുനോക്കിയപ്പോൾ തനിക്കാണ് സമ്മാനം എന്ന് മനസ്സിലായ ഇദ്ദേഹം ഉടൻ തന്നെ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനത്തുക കൈപ്പറ്റി. 8 ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഈ വൻ തുക ഇദ്ദേഹത്തിന് നഷ്ടമാകുമായിരുന്നു.
