കൊച്ചി: തെരുവ് നായ്കളുടെ ആക്രമണത്തിന് ഇരയായവര്‍ ഇനി ആരുടെ അടുത്താണ് പരാതിയുമായി എത്തേണ്ടത്? തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതത്തിന് പകരമായി കിട്ടേണ്ട നഷ്ടപരിഹാരം പോലും വാങ്ങിയെുക്കാന് കഴിയാത്ത വിധം പ്രതീക്ഷ അറ്റുപോയ അവസ്ഥയിലാണ് തെരുവ് നായ ആക്രമണത്തിന് ഇരകളാകേണ്ടിവന്ന സംസ്ഥാനത്തെ ഏഴായിരത്തിലേറെ വരുന്ന അപേക്ഷകര്‍.
നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച ജസ്റ്റിസ് എസ്.സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചതോടെ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് ഏഴായിരത്തിലേറെവരുന്ന ഇരകളുടെ പ്രതീക്ഷകളാണ്.
നേരത്തെ സുപ്രീംകോടതി കേസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ അപേക്ഷകള്‍ സ്വീകരിച്ചിരുന്നത് നിര്‍ത്തി വച്ചിരുന്നെങ്കിലും കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് എസ്.സിരിജഗന്റെ മരണത്തെ തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് ഇപ്പോള്‍ അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരിച്ചു വിളിച്ചു. പുതിയ പരാതികളും അപേക്ഷയിന്മേലുള്ള പരാതികളും ജില്ലാ ലീഗര്‍ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് പറയുന്നത്.
പതിനായിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മീഷനിലെത്തിയത്. ഇതില്‍ വെറും 1144 അപേക്ഷകള്‍ മാത്രമേ തീര്‍പ്പ് കല്പ്പിക്കാനായുള്ളു. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏഴായിരത്തിലേറെ അപേക്ഷകരുടെ പ്രതീക്ഷ നിലവില്‍ അസ്തമിച്ച അവസ്ഥയിലാണ്.
2016 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം നായ്കളുടെ അക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്‍കിയത്. 2001 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമത്തിനെതിരെ കേരളത്തില്‍ നിന്നുള്‍പ്പടെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ ജസ്റ്റിസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്കി. സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 2023 ല്‍ എബിസി നിയമത്തില്‍ മാറ്റം വന്നതോടെ 2024 മെയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതി റദ്ദാക്കി. ഇതോടെ സിരിജഗന് കമ്മിറ്റിയുടെ നിയമസാധുതയും ഇല്ലാതായി.
നിയമസാധുതയില്ലാത്തതിനാല്‍ ജൂഡീഷ്യല്‍ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി കമ്മിറ്റി. ഒട്ടേറെ അപേക്ഷയില്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. അവിടെ നിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി വേണം നഷ്ടപരിഹാരം നിര്‍ദേശിക്കാന്‍. അധികാരം നഷ്ടമായതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയല്ലാതെ അപേക്ഷയിന്മേലുള്ള ഒരു നടപടിയും എടുക്കാന്‍ കഴിയിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആകസ്മികമായി കമ്മീഷന് അധ്യക്ഷന്‍ സിരിജഗന് മരണപ്പെടുന്നത്.
