ഇന്ത്യയിൽ വർഷങ്ങളായി താമസിക്കുന്ന മോണിക കുഞ്ചേശ്വരി ദാസി എന്ന ലിത്വാനിയൻ സ്വദേശിനി, പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും കണ്ടുപഠിക്കേണ്ട അഞ്ച് മൂല്യങ്ങളെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
യൂറോപ്യന്മാർ പലപ്പോഴും ഇന്ത്യൻ ഗ്രാമീണ ജീവിതത്തെ വെറും ‘ലളിതം’ എന്ന് മാത്രമായി ചുരുക്കിക്കാണാറുണ്ടെന്നും എന്നാൽ പാശ്ചാത്യർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മികച്ച സംസ്കാരം ഇന്ത്യയിലുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.അതിഥി ദേവോ ഭവ’ എന്ന ഭാരതീയ തത്ത്വചിന്തയെ അവർ ഏറെ പ്രശംസിച്ചു. വീട്ടിലെത്തുന്ന അതിഥികളെ ദൈവത്തെപ്പോലെ കണ്ട് ഭക്ഷണവും ചായയും നൽകി സ്നേഹത്തോടെ സ്വീകരിക്കുന്ന ശീലം ഇന്ത്യയിൽ മറ്റൊരു തലത്തിലാണെന്ന് അവർ പറയുന്നു.യൂറോപ്പിൽ വ്യക്തിബന്ധങ്ങൾ അകലുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുകിട നഗരങ്ങളിലും ആളുകൾ പരസ്പരം സഹായിക്കുന്ന മികച്ചൊരു സൗഹൃദ കൂട്ടായ്മയുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കുന്ന പാശ്ചാത്യർക്ക് ഇത് വലിയൊരു മാതൃകയാണ്.
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് പിന്നാലെ പോകാതെ, വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുന്ന ശീലം ഇന്ത്യക്കാർ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഭക്ഷണത്തോടുള്ള ഈ ആദരവ് യൂറോപ്പിൽ കുറവാണെന്ന് അവർ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വ്യക്തിശുചിത്വ ശീലങ്ങളെയും അവർ അഭിനന്ദിക്കുന്നു. ദിവസവും കുളിക്കുന്നതും, വസ്ത്രങ്ങൾ മാറുന്നതും, സ്വയം ഫ്രഷ് ആയിരിക്കുന്നതും ചുറ്റുമുള്ളവരോടുള്ള ബഹുമാനം കൂടിയാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു.ജീവിതം ആസ്വദിക്കാൻ ഇന്ത്യക്കാർക്ക് വലിയ കാരണങ്ങൾ ഒന്നും ആവശ്യമില്ല. ഒരു പ്രത്യേക ലാഘവത്തോടെ ജീവിതത്തെ സമീപിക്കുന്ന രീതി യൂറോപ്പിലെ കടുത്ത ഗൗരവമുള്ള അന്തരീക്ഷത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.
യുവതി പങ്കുവച്ച കുറിപ്പ് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. ഈ പോസ്റ്റ് കണ്ട ആളുകൾ അതിനെ പ്രശംസിക്കുകയും ഇന്ത്യയിലെ ആളുകൾ മനസിലാക്കിയതിന് നന്ദി രേഖപ്പെടുത്തികൊണ്ടും രംഗത്തെത്തി.
